താടിയുഴിഞ്ഞ് ചിരിച്ച് മിസ്റ്റര്‍ ബിയാഡോ

കെ എം  അക്ബര്‍
ചാവക്കാട്: താടിക്കാരെത്ര പേരെ കണ്ടിരിക്കുന്നുവെന്നു പറയാന്‍ വരട്ടെ. താടിയില്‍ തിളങ്ങി നില്‍ക്കുന്ന ഷഫീര്‍ അഫയന്‍സ് അത്ര നിസ്സാരക്കാരനല്ല. സുന്ദരമായി താടി വളര്‍ത്തുന്നവരുടെ സംസ്ഥാനതല മല്‍സരം തൃശൂരില്‍ നടന്നപ്പോള്‍ നൂറു താടിക്കാരെ തന്റെ താടിക്കു മുന്നില്‍ തലകുനിപ്പിച്ചു ഷഫീര്‍. സംസ്ഥാനത്തിനകത്തെ ന്യൂജന്‍ താടിക്കാരെ അരിഞ്ഞുവീഴ്ത്തിയ ഈ താടിക്കാരന്‍ ഇപ്പോള്‍ ഏഴ് ഇഞ്ച് നീളത്തില്‍ നീട്ടി വളര്‍ത്തി വെട്ടിയൊതുക്കിയ ഭംഗിയുള്ള താടിയുഴിഞ്ഞ് ചിരിക്കുകയാണ്.
ചാവക്കാട് എടക്കഴിയൂര്‍ അമ്പലത്ത് വീട്ടില്‍ ഇസ്മായീല്‍-സുബൈദ ദമ്പതികളുടെ മൂന്നാമത്തെ മകനായ ഷഫീര്‍ രണ്ടര വര്‍ഷം മുമ്പാണ് താടി വളര്‍ത്തല്‍ ആരംഭിച്ചത്. കേരള ബിയേഡ് സൊസൈറ്റി (കെബിഎസ്)യുടെ നേതൃത്വത്തില്‍ നടന്ന മല്‍സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു പേരാണ് അങ്കത്തിനെത്തിയത്. ഒടുവില്‍ അവസാനത്തെ മൂന്നു പേരുടെ പട്ടികയില്‍ ഷഫീര്‍ ഇടം പിടിച്ചു. താടിയുടെ ഭംഗി, ഉറപ്പ് എന്നിവയോടൊപ്പം മീശയും വിധികര്‍ത്താക്കള്‍ പരിശോധിച്ചു. എതിരാളികള്‍ ശക്തമായ വെല്ലുവിളിയായെങ്കിലും വിധികര്‍ത്താക്കള്‍ ഒടുവില്‍ ഒന്നാം സ്ഥാനക്കാരനെ പ്രഖ്യാപിച്ചു: ഷഫീര്‍ അഫയന്‍സ് മിസ്റ്റര്‍ ബിയാഡോ.
ഒട്ടേറെ താടിവിശേഷങ്ങ ള്‍ പറയാനുണ്ട് ഷഫീറിന്. ആരും മോഹിച്ചുപോകുന്ന തന്റെ താടിക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നതെന്ന് ഷഫീര്‍ പറയുന്നു. ആഴ്ചയിലൊരിക്കല്‍ താടി ഷാംപൂ ഉപയോഗിച്ച് കഴുകും. പിന്നെ രണ്ടാഴ്ചയിലൊരിക്കല്‍ സ്വയം വെട്ടിയൊതുക്കും. മല്‍സരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനാണെങ്കില്‍ സുഹൃത്ത് അകലാട് സ്വദേശി ഷാഫിക്കാണ് താടി ഭംഗിയാക്കുന്നതിന്റെ ചുമതല.
മല്‍സരങ്ങളില്‍ പങ്കെടുത്തു ലഭിക്കുന്ന സമ്മാനത്തുകയെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഷഫീര്‍ നല്‍കുക. പോലിസ് മര്‍ദനത്തെ തുടര്‍ന്ന് വിനായകന്‍ മരിച്ച സംഭവത്തില്‍ തൃശൂരില്‍ നടന്ന പ്രതിഷേധ സംഗമത്തിലും ഷഫീര്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ഇപ്പോ ള്‍ മോഡലിങ് രംഗത്ത് സജീവമായിരിക്കുകയാണ് ഷഫീര്‍. മറ്റുള്ളവരുടെ കണ്ണില്‍ താടി കരടാകുന്ന ഇക്കാലത്ത് താടി വളര്‍ത്താന്‍ തന്നെയാണ് ഷഫീറിന്റെ തീരുമാനം.
Next Story

RELATED STORIES

Share it