താജ്മഹല്‍ സന്ദര്‍ശനത്തിന് ചെലവേറും; ശവകുടീരം കാണാന്‍ 200 രൂപയുടെ ടിക്കറ്റ്‌

ന്യൂഡല്‍ഹി: താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും. താജ്മഹലിലെ പ്രധാന ശവകുടീരം കാണുന്നതിന് ഏപ്രില്‍ ഒന്നു മുതല്‍ സന്ദര്‍ശകന്‍ 200 രൂപ നല്‍കേണ്ടിവരും. പ്രവേശന ഫീസ് 40 രൂപയില്‍ നിന്ന് 50 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യമറിയിച്ചത്. താജ്മഹല്‍ സംരക്ഷിക്കുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും പുതിയ നിരക്ക് ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ പ്രധാന ശവകുടീരം കാണുന്നതിന് പ്രത്യേക ഫീസില്ല. ടിക്കറ്റെടുത്തവര്‍ക്ക് മൂന്നു മണിക്കൂര്‍ താജ്മഹലില്‍ ചെലവഴിക്കാം.ശവകുടീരം സംരക്ഷിക്കുന്നതിന് സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കണമെന്ന് ദേശീയ പാരിസ്ഥിതിക എന്‍ജിനീയറിങ് ഗവേഷണ സ്ഥാപനം (എന്‍ഇഇആര്‍ഐ) റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദിനംപ്രതിയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനാവില്ല. അതിനാലാണ് പുതിയ നിരക്ക് നിശ്ചയിച്ചത്. ഫീസ് കൂട്ടിയത് വരുമാനം വര്‍ധിപ്പിക്കില്ല. എന്നാല്‍, അത് താല്‍പര്യമുള്ളവരുടെ മാത്രം പ്രവേശനം ഉറപ്പുവരുത്തും. 1,250 രൂപ നല്‍കി താജ്മഹലില്‍ പ്രവേശിക്കുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍ പണിയും. ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് താജിലേക്ക് പ്രത്യേക ഇടനാഴിയും നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. താജ്മഹല്‍ സംരക്ഷിക്കുന്നതിനു നാലാഴ്ചയ്ക്കകം പദ്ധതി സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ഈയിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it