Sports

താജ്മഹല്‍ ക്ഷേത്രമാണെന്നതിന് തെളിവില്ലെന്നു കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഗ്രയില്‍ സ്ഥിതിചെയ്യുന്ന ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഹൈന്ദവ ക്ഷേത്രമാണെന്നതിനു തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരമൊരു ഹരജിയെക്കുറിച്ച് സര്‍ക്കാരിന് അറിയാം. താജ്മഹല്‍ ഹിന്ദുക്ഷേത്രമാണെന്ന വാദം വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പതിനൊന്നാം നൂറ്റാണ്ടില്‍ ജയ്പൂര്‍ രാജാവ് രാജ ജയ്‌സിങ് നിര്‍മിച്ച തേജേശ്വര്‍ ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ കീഴടക്കി താജ്മഹലാക്കിയെന്നാണ് അഭിഭാഷകരായ ഹരീഷ്‌കുമാര്‍ ജെയിനും രാജേഷ് കുലശ്രേഷ്ഠയും നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നത്. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നതിനാല്‍ ഇവിടെ ആരാധന നടത്താന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. താജ്മഹല്‍ ക്ഷേത്രമണെന്ന ആരോപണം ഇന്ത്യന്‍ പുരാവസ്തു വകുപ്പ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
അതേസമയം, എഴുത്തുകാര്‍ക്കെതിരെയുണ്ടായ ദാരുണ സംഭവങ്ങളില്‍ പ്രതിഷേധിച്ച് 40 എഴുത്തുകാര്‍ പുരസ്‌കാരം തിരിച്ചുനല്‍കി എന്നും മഹേഷ് ശര്‍മ പറഞ്ഞു. 39 എഴുത്തുകാര്‍ സാഹിത്യ അക്കാദമി പുരസ്‌കാരവും ഒരാള്‍ ലളിതകലാ അക്കാദമി പുരസ്‌കാരവും തിരിച്ചുനല്‍കി. ഇവര്‍ തീരുമാനം പുനപ്പരിശോധിക്കണം. അസഹിഷ്ണുതയുടെ പേരില്‍ നടന്ന കൊലപാതകങ്ങളെ സാഹിത്യ അക്കാദമി അപലപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it