Flash News

താജ്മഹലില്‍ പൂജയ്ക്ക് അനുമതി നല്‍കണമെന്ന് സംഘപരിവാരം



ന്യൂഡല്‍ഹി: വര്‍ഗീയത ഇളക്കിവിട്ട് താജ്മഹല്‍ വിഷയം കൂടുതല്‍ കത്തിക്കാന്‍ സംഘപരിവാരം രംഗത്ത്. താജ്മഹലില്‍ മുസ്‌ലിംകള്‍ നമസ്‌കാരം നടത്തുന്നത് നിരോധിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കള്‍ക്ക് ശിവപൂജ നടത്താന്‍ അനുമതി നല്‍കണമെന്നും ആര്‍എസ്എസ് ചരിത്ര വിഭാഗമായ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതി ആവശ്യപ്പെട്ടു. ദേശീയ പൈതൃകമായ താജ്മഹലില്‍ മുസ്‌ലിംകള്‍ക്ക് മതപരമായ ആരാധന അനുവദിക്കുന്നത് എങ്ങനെയാണെന്ന്  സമിതി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡെ ചോദിച്ചു. ഇന്ത്യാ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. താജ്മഹലിനു സമീപമുള്ള മസ്ജിദില്‍ മുസ്‌ലിംകള്‍ ആരാധന നടത്തുന്നതിനെതിരേയാണ് സംഘപരിവാരം വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. താജ്മഹലിനു മുന്നില്‍ പൂജ നടത്താന്‍ കഴിഞ്ഞ ദിവസം സംഘപരിവാര പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ്  സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നതിന് തെളിവുകളുണ്ടെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു. മുസ്‌ലിം ഭരണാധികാരികളാല്‍ തകര്‍ക്കപ്പെട്ടു പിന്നീട് സ്മാരകങ്ങളായോ മറ്റു കെട്ടിടങ്ങളായോ മാറ്റപ്പെട്ട പൈതൃക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാലമുകുന്ദ് പാണ്ഡെ പറയുന്നു. ആര്‍എസ്എസ് ചരിത്ര ഗവേഷണ പ്രസ്ഥാനമാണ് അഖില ഭാരതീയ ഇതിഹാസ് സങ്കലന സമിതി. ആര്‍എസ്എസ് അജണ്ടയ്ക്ക് അനുസൃതമായി ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്തുകയാണ് ഇവരുടെ ചുമതല. അതേസമയം, ഖബറിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ശിവപൂജ അനുവദിക്കുന്നത് അനുചിതമാണെന്നു പൈതൃക കേന്ദ്രത്തിലെ മസ്ജിദിലെ ഇമാം പറഞ്ഞു. താജ്മഹലിനു സമീപത്ത് നിര്‍മിച്ചിട്ടുള്ള മസ്ജിദിലാണ് മുസ്‌ലിംകള്‍ പ്രാര്‍ഥന നടത്തുന്നത്. ഇതേച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണ്. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇമാം അലി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it