താങ്ങുവില വര്‍ധന നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനമെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: നെല്ല് ഉള്‍പ്പെടെയുള്ള വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനമാണെന്നാണ് കോണ്‍ഗ്രസ്.
വോട്ടിന് വേണ്ടി മോദി കര്‍ഷകരെ വഞ്ചിക്കുകയാണ്. താങ്ങുവില വര്‍ധന ബിജെപിയുടെ ബഡായി മാത്രമാണ്. 2014ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും നാലു വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല. ഇതിന് മുന്‍പ് നെല്ലിന്റെ താങ്ങുവില കൂട്ടിയത് രണ്ടാം യുപിയഎ സര്‍ക്കാരാണ്. 2012-2013 വര്‍ഷത്തില്‍ ക്വിന്റലിന് 170 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില 50 മുതല്‍ 80 രൂപ വരെ മാത്രമാണ് വര്‍ധിപ്പിച്ചത്. രാജ്യത്തെ കര്‍ഷകര്‍ കടക്കെണിയില്‍ പെട്ട് ഉഴലുമ്പോള്‍ അതില്‍ നിന്നു കരകയറ്റാനുള്ള മാര്‍ഗങ്ങള്‍ കൂടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
ഉത്പാദന ചെലവ് അനുസരിച്ചുള്ള വിടവ് നികത്താന്‍ മോദി സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച താങ്ങുവില വര്‍ധനവ് കൊണ്ടും സാധിക്കില്ല. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് െ്രെപസസ് ശിപാര്‍ശ ചെയ്തതനുസരിച്ച് നെല്ലിന്റെ ഉത്പാദനച്ചിലവ് ക്വിന്റലിന് 1484 രൂപ ആയിരിക്കേ അമ്പതു ശതമാനം വര്‍ധനവോടു കൂടി താങ്ങുവില 2226 രൂപയാണ്. മോദി സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വര്‍ധനവും ഈ വിടവും തമ്മില്‍ 476 രൂപയുടെ വ്യത്യാസം ഉണ്ടെന്ന്് സുര്‍ജേവാല ചൂണ്ടിക്കാട്ടി. ഇതുപോലെ തന്നെ മറ്റു വിളകളുടെ ഉത്പാദന ചിലവും താങ്ങുവിലയും തമ്മിലുള്ള വിടവും കണക്കുകള്‍ സഹിതം നിരത്തി കോണ്‍ഗ്രസ് മോദി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു.
കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 1.5 മടങ്ങ് കൂടുതല്‍ ലഭിക്കുന്ന വിധത്തില്‍ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം പൂര്‍ത്തീകരിച്ചു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കാര്‍ഷിക മേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. താങ്ങുവിലയില്‍ ചരിത്രപരമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. എല്ലാ കര്‍ഷകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു എന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനുള്ള ശേഷിയുണ്ടെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞത്. വേണ്ടി വന്നാല്‍ സംഭരണത്തിനായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കു (എഫ്‌സിഐ) പുറമേ മറ്റേതെങ്കിലും ഏജന്‍സിയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it