kannur local

താക്കീതുമായി സിപിഎം മാര്‍ച്ച്; ഇന്ന് വയല്‍ക്കിളികളുടെ ഊഴം

തളിപ്പറമ്പ്:  വയല്‍ക്കിളികളുടെ വയല്‍കാവല്‍ സമരത്തിനും ഇന്നു നടക്കാനിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ മാര്‍ച്ചിനും താക്കീതായി കീഴാറ്റൂരിനെ ഇളക്കിമറിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജനജാഗ്രതാ മാര്‍ച്ച്. തങ്ങളുടെ ഗ്രാമത്തെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് കീഴാറ്റൂര്‍ ജനകീയ സംരക്ഷണസമിതി രൂപീകരിച്ചാണ് സിപിഎം ഇന്നലെ പ്രതിസമരം സംഘടിപ്പിച്ചത്.
ബൈപാസിന്റെ പേരുപറഞ്ഞ്, നാട്ടില്‍ അശാന്തി സൃഷ്ടിക്കാനുള്ള നീക്കം തടയുമെന്നറിയിച്ച് മാര്‍ച്ചില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. നേരത്തെ നാട്ടുകാര്‍ യോഗം ചേര്‍ന്ന് കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതിക്ക് രൂപംനല്‍കിയിരുന്നു.  നാടിന്റെ സംരക്ഷണത്തിനെന്ന പേരില്‍ കാവല്‍പ്പുരയും സ്ഥാപിച്ചു. വൈകീട്ട് 4.30ഓടെ കീഴാറ്റൂര്‍ ഇഎംഎസ് വായനശാല പരിസരം കേന്ദ്രീകരിച്ചാണ് ബൈപാസിനായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായ ഭൂവുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത മാര്‍ച്ച് ആരംഭിച്ചത്. സിപിഎം നേതാക്കളായ പി കെ ശ്രീമതി എംപി, എം വി ഗോവിന്ദന്‍, പി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍എ, കെ കെ രാഗേഷ് എംപി, നടന്‍ സന്തോഷ് കീഴാറ്റൂര്‍, സംവിധായകന്‍ ഷെറി എന്നിവരായിരുന്നു മാര്‍ച്ചിന്റെ മുന്‍ നിരയില്‍.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി ഐ മധുസൂദനന്‍, ടി കെ ഗോവിന്ദന്‍,  കെ സുന്തോഷ്, എന്‍ സുകന്യ, പി കെ ശ്യാമള, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി മുകുന്ദന്‍ എന്നിവരും പങ്കെടുത്തു. കീഴാറ്റൂര്‍ വയലിലേക്കാണ് മാര്‍ച്ച് ആദ്യം നീങ്ങിയത്. സ്ഥലം വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ച് അധികൃതര്‍ക്ക് സമ്മതപത്രം ഒപ്പിട്ടുനല്‍കിയ 56 ഭൂവുടമകളും വികസനാവശ്യത്തിനായി ഭൂമി വിട്ടുനല്‍കാന്‍ സമ്മതമാണ്.
പരമാവധി നഷ്ടപരിഹാരം അനുവദിച്ചുതരണം’ എന്ന് ആലേഖനം ചെയ്ത പ്ലക്കാര്‍ഡു സഹിതം ചെങ്കൊടി നാട്ടി. തുടര്‍ന്ന് മാര്‍ച്ച് തളിപ്പറമ്പ് നഗരത്തിലേക്ക് നീങ്ങി. ടൗണ്‍ സ്‌ക്വയറില്‍ ചേര്‍ന്ന കൂട്ടായ്മ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സംരക്ഷണ സമിതി ചെയര്‍മാന്‍ ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍എ, എല്‍ഡിഎഫ് നേതാക്കളായ വി വി കുഞ്ഞികൃഷ്ണന്‍, കെ കെ ജയപ്രകാശ്, സി കെ നാരായണന്‍, കെ സാജന്‍, സി കെ നാരായണന്‍, സി വല്‍സന്‍, മുഹമ്മദ് പറക്കാട്ട്, നടന്‍ സന്തോഷ് കീഴാറ്റൂര്‍, സംവിധായകന്‍ ഷെറി, കെ എം ലത്തീഫ്, പുല്ലായിക്കൊടി ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it