തസ്‌ലീമിന്റെ അറസ്റ്റ് ആരുടെ തന്ത്രം?

സാദിഖ് ഉളിയില്‍

കണ്ണൂര്‍ സിറ്റി കടലായി ആസാദ് റോഡിലെ ഒരു ദരിദ്ര കുടുംബത്തിന്റെ ആശ്രയവും അത്താണിയുമായിരുന്നു ശറഫുദ്ദീന്‍. സഹോദരിമാരുടെ വിവാഹം നടത്തിയതും വീട്ടുകാര്യങ്ങള്‍ നോക്കിയതും മൂലം സ്വന്തമായി വീട് നിര്‍മിക്കാന്‍പോലും കഴിയാത്ത സാമ്പത്തിക പരാധീനതയിലായിരുന്നു അദ്ദേഹം. ഗുഡ്‌സ് ഓട്ടോ ഓടിച്ചാണ് രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമടങ്ങുന്ന തന്റെ കുടുംബത്തെ ശറഫുദ്ദീന്‍ കൊണ്ടുനടത്തിയത്. അതിനിടയിലാണ് ബാംഗ്ലൂര്‍ സ്‌ഫോടനത്തിനാവശ്യമായ സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ഒന്നാംപ്രതി തടിയന്റവിട നസീറിനെ സഹായിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ശറഫുദ്ദീന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. അബ്ദുന്നാസിര്‍ മഅ്ദനി അടക്കം പ്രതിയായി ആരോപിക്കപ്പെട്ട ഈ കേസില്‍ 27ാം പ്രതിയാക്കപ്പെട്ട് വിചാരണ തടവിലാണ് ശറഫുദ്ദീന്‍. ശറഫുദ്ദീന്റെ വേര്‍പാടില്‍ മനംനൊന്ത് കഴിഞ്ഞിരുന്ന ഉമ്മ ഇതിനിടയില്‍ മരണപ്പെട്ടു. ഉമ്മയുടെ മയ്യിത്ത് കാണാന്‍പോലും ശറഫുദ്ദീന് സാധിച്ചില്ല. ഉമ്മയുടെ മരണമുണ്ടാക്കിയ വേദനയും ജയിലിലെ ദുരിതവും സ്‌ട്രോക്ക് സമ്മാനിക്കുന്നതിലാണ് എത്തിയത്. അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന ഏക ആശ്വാസം സ്വന്തം സഹോദരന്‍ തസ്‌ലീമായിരുന്നു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയങ്ങളില്‍ ആവശ്യമായ മരുന്നും മറ്റും എത്തിച്ചതും തന്റെ അഭാവത്തില്‍ കുടുംബകാര്യങ്ങള്‍ ശ്രദ്ധിച്ചതും കുടുംബത്തിന്റെ ഏക ആശ്രയമായ തസ്‌ലീം ആയിരുന്നു. ശറഫുദ്ദീന്റെ നിരപരാധിത്വം തെളിയിക്കാനും അദ്ദേഹത്തിന്റെ മോചനത്തിനും വേണ്ടി നിരന്തരമായ ശ്രമത്തിലായിരുന്നു തസ്‌ലീം. ശറഫുദ്ദീന്റെ കേസ് വിചാരണ അവസാനത്തില്‍ എത്തിയിരിക്കെ കേസ് ഇപ്പോള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശറഫുദ്ദീന്റെ കുടുംബവും നാട്ടുകാരും. എന്നാല്‍, ആ കുടുംബം കേള്‍ക്കേണ്ടിവന്നത് മറ്റൊരു ദുരന്തവാര്‍ത്തയായിരുന്നു. ആ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തസ്‌ലീമിനെ പോലിസ് പിടിച്ചുകൊണ്ടുപോയി എന്നതായിരുന്നു ആ വാര്‍ത്ത.
2015 നവംബര്‍ 16നു രാവിലെ വീട്ടില്‍നിന്ന് കണ്ണൂര്‍ സൗത്ത് ബസാറിലെ ഹമൂദ് ഓട്ടോ വര്‍ക്‌ഷോപ്പിലേക്ക് ജോലിക്കുപോയതായിരുന്നു തസ്‌ലീം. അന്ന് വൈകുന്നേരം എന്തോ അന്വേഷണത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് പോലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി. പിന്നീട് അന്വേഷിക്കാന്‍ ചെന്ന വ്യക്തികളോടും കുടുംബങ്ങളോടും എറണാകുളത്തുനിന്ന് കിട്ടിയ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് എന്നു മാത്രമാണ് പോലിസ് പറഞ്ഞത്. നസീറിനെ സഹായിക്കുന്നു എന്ന് പറഞ്ഞ് ആലുവയ്ക്കടുത്തു നിന്ന് ഷഹ്‌നാസ് എന്നൊരു വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍നിന്ന് കിട്ടിയതാണ് തസ്‌ലീമിന്റെ പേരും ഫോണ്‍ നമ്പറും എന്നാണ് പോലിസ് പറയുന്നത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നതാണ് തസ്‌ലീമിന്റെ പേരില്‍ ആരോപിക്കുന്ന കുറ്റം. എന്നാല്‍, ഏതു സാക്ഷിയെയാണ് തസ്‌ലീം ഭീഷണിപ്പെടുത്തിയതെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. തന്റെ സഹോദരന്‍ ശറഫുദ്ദീന് കാര്യമായ സാക്ഷികളൊന്നും പുറത്തില്ല. പിന്നെ ആരെയാണ് തസ്‌ലീം ഭീഷണിപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു. തസ്‌ലീമിനെക്കുറിച്ച് അന്വേഷിച്ചാല്‍ ആര്‍ക്കും ലഭിക്കുന്ന ഉത്തരം, സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ മാത്രം കഴിവോ കരുത്തോ ഉള്ള വ്യക്തിയല്ല തസ്‌ലീം എന്നതാണ്. കെ എന്‍ പണിക്കരുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രഗല്‍ഭരായ മുപ്പതിലധികം സാംസ്‌കാരികനായകര്‍ തസ്‌ലീമിന്റെ അറസ്റ്റില്‍ പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. വ്യത്യസ്ത സംഘടനകള്‍ തസ്‌ലീമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. കൂടാതെ, മനുഷ്യാവകാശ പ്രവര്‍ത്തകരായിരുന്ന അഡ്വ. പി എ പൗരന്‍, ഡോക്യുമെന്ററി സംവിധായകന്‍ കെ പി ശശി എന്നിവരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണസംഘം അന്വേഷിക്കുകയും റിപോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇതൊന്നും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് ബോധ്യമാവുന്നില്ല.
യുഎപിഎ എന്ന ഭീകരനിയമം ചാര്‍ത്തി തസ്‌ലീമിനെ അറസ്റ്റ് ചെയ്തിട്ട് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു. ബാംഗ്ലൂര്‍ കേസിന്റെ വിചാരണ അന്ത്യത്തിലെത്തിയിരിക്കെ കേസ് എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിന് നിരന്തരം താക്കീത് നല്‍കിയിരിക്കുന്നു. പോലിസ് ഹാജരാക്കിയ പ്രധാന സാക്ഷികളെല്ലാം പോലിസിന് വിരുദ്ധമായി സാക്ഷിപറയുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ബാംഗ്ലൂര്‍ കേസ് നീട്ടിക്കൊണ്ടുപോയി അബ്ദുന്നാസിര്‍ മഅ്ദനി, സകരിയ്യ, ശമീര്‍ അടക്കമുള്ള ആളുകളുടെ ജയില്‍മോചനം അനന്തമായി നീട്ടാനുള്ള ഗൂഢാലോചനയാണോ ഈ അറസ്റ്റിന്റെ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഈ കേസ് കൈകാര്യം ചെയ്യുന്ന പ്രോസിക്യൂട്ടറുടെ പെട്ടെന്നുള്ള രാജിയും ഈ സംശയത്തിന് ബലമേകുന്നതാണ്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പല ആളുകളുടെയും കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യയിലെ മനുഷ്യാവകാശ, പൗരാവകാശ പ്രവര്‍ത്തകരും പാര്‍ലമെന്റംഗങ്ങളും നേരത്തേ വ്യക്തമാക്കിയതാണ്. അബ്ദുന്നാസിര്‍ മഅ്ദനി അടക്കമുള്ളവരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ മുന്നണികള്‍ അനുകൂല നിലപാട് സ്വീകരിച്ചതുമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ കേസുമായി ബന്ധപ്പെടുത്തിക്കൊണ്ട് തസ്‌ലീമിനെ അറസ്റ്റ് ചെയ്യുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ട കേരളത്തിലെ ഭരണകൂടത്തോട് ചോദിക്കുമ്പോഴൊക്കെയും പറയുന്ന മറുപടി എന്‍ഐഎ, കര്‍ണാടക സര്‍ക്കാര്‍ എന്നൊക്കെയാണ്. എന്നാല്‍, തസ്‌ലീമിന്റെ കേസെടുത്തതും അതിപ്പോള്‍ അന്വേഷിക്കുന്നതുമെല്ലാം മുസ്‌ലിം ലീഗിനടക്കം പ്രാതിനിധ്യമുള്ള യുഡിഎഫ് സര്‍ക്കാരാണ്. ഇതു നമ്മോട് പറയുന്ന ഉത്തരം, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അട്ടിമറിച്ച് മഅ്ദനി അടക്കമുള്ളവരുടെ മോചനം വൈകിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത് എന്നാണ്.
തസ്‌ലീമിന്റെ അറസ്റ്റോടെ ജയിലില്‍ കഴിയുന്ന സഹോദരങ്ങളുടെ മോചനത്തിനുവേണ്ടിയുള്ള എല്ലാ പ്രതിരോധശബ്ദങ്ങളുടെയും ഗതി ഇത്തരത്തിലായിരിക്കുമെന്നു പറയാനാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. തസ്‌ലീമിന്റെ അറസ്റ്റിന്റെ പിറ്റേ ദിവസം കേരളത്തിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ബാംഗ്ലൂര്‍ കേസില്‍ 24ാം പ്രതിയായി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് ശമീറിന്റെ സഹോദരന്‍ ശഹീറിനെ അന്വേഷിച്ചു വീട്ടിലെത്തിയിരുന്നു. കണ്ണൂര്‍ താണയിലെ ശഹീറും കുടുംബവും തങ്ങളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞ് കണ്ണൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. പോലിസ് കെട്ടിച്ചമയ്ക്കുന്ന കേസുകളെക്കുറിച്ച് ആരും മിണ്ടരുതെന്നും അവരുടെ മോചനത്തിനു വേണ്ടി ആരും ശബ്ദിക്കരുതെന്നും അത്തരം ആളുകളുടെ ഗതി തസ്‌ലീമിന്റേതായിരിക്കുമെന്നുമാണ് തസ്‌ലീമിന്റെ അറസ്റ്റ് നമ്മെ ബോധ്യപ്പെടുത്തുന്നത്. തസ്‌ലീമിന്റെ അറസ്റ്റിനോട് പ്രത്യക്ഷത്തില്‍ പ്രതികരിക്കാന്‍ കേരളത്തിലെ മുഖ്യധാരാസമൂഹം സന്നദ്ധമാവാത്തതും ജനാധിപത്യകേരളം വളരെ ഗൗരവത്തില്‍ കാണേണ്ടതാണ്. ഈ മൗനം കേരളത്തിലെ ചെറുപ്പത്തെയും യൗവന പോരാട്ടത്തെയും കൂച്ചുവിലങ്ങിടാനും യുഎപിഎ ചുമത്തി അനന്തമായി ജയിലിലടയ്ക്കാനും സഹായകമായി മാറുകയേയുള്ളൂ.                         ി
Next Story

RELATED STORIES

Share it