തസ്തിക നിര്‍ണയം; പുറത്താവുന്നത് 3892 അധ്യാപകര്‍

തിരുവനന്തപുരം: സ്‌കൂളുകളിലെ തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ജോലി നഷ്ടപ്പെട്ടു പുറത്തായത് 3892 അധ്യാപകര്‍. ആദ്യഘട്ടത്തില്‍ വിവിധ ജില്ലകളില്‍നിന്നു ലഭിച്ച ഇല്ലാതായ തസ്തികകളുടെ എണ്ണം 2400 എന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ഡിഇഒമാര്‍ തസ്തികനിര്‍ണയത്തിനു സ്വീകരിച്ച മാനദണ്ഡത്തില്‍ അപാകതയുണ്ടായതിനെ തുടര്‍ന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചാണ് ഇന്നലെ വൈകീട്ട് കൃത്യമായ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്വീകരിച്ചത്.
കൂടുതല്‍ തസ്തിക നഷ്ടപ്പെട്ടത് തൃശൂര്‍ ജില്ലയിലാണ്. പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 544 തസ്തികകളാണു നഷ്ടമായത്. രണ്ടാമത് കോഴിക്കോടാണ്-454, എറണാകുളം തൊട്ടുപിന്നിലുണ്ട്-451. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് കുറവ് തസ്തികകള്‍ നഷ്ടമായത്. അധിക ഡിവിഷനുകളുണ്ടെന്നു കണ്ടെത്തിയ എയ്ഡഡ് സ്‌കൂളുകളിലേക്ക് അധ്യാപകരെ പുനര്‍വിന്യസിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍, ഇതിനെതിരേ മാനേജര്‍മാര്‍ അനുകൂല കോടതിവിധി നേടിയതിനാല്‍ കരുതലോടെയാണ് സര്‍ക്കാരിന്റെ നീക്കം.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പുനര്‍വിന്യാസത്തെക്കുറിച്ച് മാനേജര്‍മാര്‍ 1:1 അനുപാതത്തില്‍ പുതിയ നിയമനം നടത്തണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. ഈ അനുപാതപ്രകാരം രണ്ട് നിയമനം നടക്കുമ്പോള്‍ ഒന്ന് സര്‍ക്കാരിനു വിട്ടുനല്‍കിയാലും മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സ്ഥിതി വരും. തസ്തിക നഷ്ടപ്പെട്ട അധ്യാപകരുടെ എണ്ണം ജില്ല തിരിച്ച് പ്രൈമറി, ഹൈസ്‌കൂള്‍, ആകെ ക്രമത്തില്‍ ചുവടെ: തിരുവനന്തപുരം: 257, 152- 409, കൊല്ലം: 207, 83-290, പത്തനംതിട്ട: 43, 118-161, ആലപ്പുഴ: 136, 77-213, കോട്ടയം: 43, 137-180, ഇടുക്കി: 10, 12-22, എറണാകുളം: 204, 247-251, തൃശൂര്‍: 402, 142-544, പാലക്കാട്: 310, 110-420, മലപ്പുറം: 216, 78-294, കോഴിക്കോട്: 316, 138-454, വയനാട്: 6, 3-9, കണ്ണൂര്‍: 290, 130-420, കാസര്‍കോട്: 6, 19- 25.
Next Story

RELATED STORIES

Share it