thiruvananthapuram local

തസ്തികകള്‍ വെട്ടിക്കുറച്ച് ഓഫിസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ നിലവിലുള്ള പ്രൊമോഷനുകള്‍ അട്ടിമറിക്കുന്ന തരത്തില്‍ തസ്തികകള്‍ വെട്ടിക്കുറച്ച് ഓഫിസുകള്‍ നിറുത്തലാക്കാനുള്ള നീക്കത്തിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിരമിച്ച ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് റവന്യു ജീവനക്കാര്‍ റവന്യൂ കമ്മീഷണറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.
തുടര്‍ച്ചാനുമതി ഇല്ലെന്ന കാരണം പറഞ്ഞ് നൂറുകണക്കിന് ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ മൂന്നുമാസമായി തടസ്സപ്പെട്ടിരിക്കുകയാണ്. സ്‌കൂള്‍ തുറന്ന അവസരത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ കഴിയാതെയും രോഗികളായ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ചികില്‍സയ്ക്കും വകയില്ലാതെ വലയുന്ന സ്ഥിതിയാണ്. മുസ്‌ലിം ജീവനക്കാര്‍ക്ക് പെരുന്നാള്‍ ആഘോഷം പോലും വേണ്ടെന്നു വയ്‌ക്കേണ്ട അവസ്ഥ വന്നു. ജോലിഭാരം കുറവെന്ന കാരണം നിരത്തി ശാസ്ത്രീയമായ പഠനം നടത്താതെ പതിനാറോളം റവന്യു ഓഫിസുകള്‍ നിര്‍ത്തലാക്കാനും 200 ല്‍ പരം തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും ഉന്നത തലത്തില്‍ നീക്കം നടന്നു വരുന്നു.അടിയന്തരമായി ഇത്തരം വിഷയങ്ങള്‍ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോവുമെന്നും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത്് കേരളാ റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ പറഞ്ഞു. ശാശ്വതമായ  പരിഹാരം ഉണ്ടാവാത്ത പക്ഷം 29ാം തിയ്യതി കേരളത്തിലെ മുഴുവന്‍ റവന്യു ഓഫിസുകള്‍ക്കു മുന്നിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എംഎം നജീം അധ്യക്ഷത വഹിച്ചു. കേരള റവന്യു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആര്‍ സിന്ധു, ജോയിന്റ് കൗണ്‍സില്‍ സൗത്ത് ജില്ലാ സെക്രട്ടറി പി ശ്രീകുമാര്‍, ജില്ലാ നേതാക്കളായ കെഎ അസീസ്, വിനോദ് വി നമ്പൂതിരി, വി ശശികല, ഉഷാദേവി, പ്രദീപ്  സംസാരിച്ചു.
Next Story

RELATED STORIES

Share it