wayanad local

തവിഞ്ഞാല്‍ പഞ്ചായത്തിലെ വന്യമൃഗശല്യം; വനംവകുപ്പ് മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും

തലപ്പുഴ: തവിഞ്ഞാല്‍ പഞ്ചായത്തിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ വനംവകുപ്പ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ വിശദമായ സര്‍വേ നടത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനു മുന്നോടിയായി കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും യോഗം ഈ മാസം വിളിച്ചുചേര്‍ക്കും.
വന്യമൃഗശല്യത്തിനെതിരേ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. ആന, കുരങ്ങ്, പന്നി തുടങ്ങിയവയുടെ ശല്യം കാരണം കര്‍ഷകരാണ് ദുരിതമനുഭവിക്കുന്നത്.
ഇതിനിടയില്‍ കടുവയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ കാര്യമായി സഹായധനം കിട്ടാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
43ാം മൈല്‍ മുതല്‍ ചന്ദനത്തോട് വരെയുള്ള പ്രദേശങ്ങളിലാണ് കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെശല്യം രൂക്ഷമായിരിക്കുന്നത്. തലപ്പുഴ, ഇടിക്കര, ശിവഗിരി, തിണ്ടുമ്മല്‍, അമ്പലക്കൊല്ലി, വരയാല്‍ പ്രദേശങ്ങളിലെല്ലാം നെല്ല്, വാഴ, ചേമ്പ്, കാപ്പി എന്നിവ കൃഷി ചെയ്യാനാവാതെ വലയുകയാണ് കര്‍ഷകര്‍. പേര്യയില്‍ ആനയെ പ്രതിരോധിക്കാന്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണ്. കാട്ടാനകള്‍ കൂട്ടമായിറങ്ങി കൃഷി നശിപ്പിക്കുന്നതു മൂലം കൃഷി ചെയ്യാനാവാതെ നട്ടംതിരിയുകയാണ് പേര്യ നിവാസികള്‍. വീടുകള്‍ക്കു നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായി. ഇതു കാരണം പലരും സ്ഥലമൊഴിഞ്ഞു പോവുകയാണ്.
നോര്‍ത്ത് വയനാട് ഡിഎഫ്ഒയുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് അംഗം എ പ്രഭാകരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it