wayanad local

തവിഞ്ഞാലില്‍ കടുവ രണ്ട് പോത്തുകളെ ആക്രമിച്ചുകൊന്നു

മാനന്തവാടി: കഴിഞ്ഞ ഒരാഴ്ച്ചയായി തവിഞ്ഞാല്‍ പ്രദേശത്ത് ഭീതിപരത്തുന്ന കടുവ കഴിഞ്ഞദിവസം രാത്രി തൊഴുത്തില്‍ കെട്ടിയ രണ്ട് പോത്തുകളെ ആക്രമിച്ചുകൊന്നു.
വാളാടിനടുത്ത യവനാര്‍കുളം പറയിടത്തില്‍ ജോര്‍ജിന്റെ തലപ്പുഴ-43ലെ കൃഷി സ്ഥലത്തോട് ചേര്‍ന്ന തൊഴുത്തില്‍ കെട്ടിയ രണ്ടുപോത്തുകളെയാണ് വെള്ളിയാഴ്ച്ച രാത്രിയില്‍ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രാവിലെ ഏഴു മുതല്‍ മാനന്തവാടി-കണ്ണൂര്‍ സംസ്ഥാനപാത ഉപരോധിച്ചു. പോത്തിന്റെ ജഡവുമായെത്തിയാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് സബ്ബ് കലക്ടര്‍ ശ്രീറാം സാംബ ശിവറാവു, ഡി.എഫ് ഒ നരേന്ദ്രനാഥ് ബേളൂരി എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്യുകയും നഷ്ടപരിഹാരമായി പോത്തിന്റെ ഉടമയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും നേരത്തെ കൊളങ്ങാട് സ്ഥാപിച്ച കൂടിന് പുറമെ പ്രദേശത്ത് ഒരുകൂടുകൂടി സ്ഥാപിക്കുന്നതാണെന്നും അറിയിച്ചതോടെ 10.30 ഓടെയാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്നാം തീയതിമുതലാണ് പ്രദേശത്ത് ആദ്യമായി വന്യജീവിയുടെ ശല്ല്യം ശ്രദ്ധയില്‍പ്പെട്ടത്. തവിഞ്ഞാല്‍-44, ഇടിക്കര, കൊളങ്ങോട്, മേലെ വരയാല്‍ എന്നിവിടങ്ങളിലാണ് കടുവയെ പലരും കണ്ടത്. തുടര്‍ച്ചയായ രണ്ടുദിവസങ്ങളിലായി രണ്ട് കാട്ടുപന്നികളെയാണ് കടുവ ജനവാസകേന്ദ്രത്തിലിറങ്ങി കൊലപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വനംവകുപ്പ് ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതോടെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഫൈബര്‍ കൂടെത്തിച്ച് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കടുവയെ ക്യാമറിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വെള്ളിയാഴ്ച്ച രാത്രി വീണ്ടും കടുവ ജനവാസ കേന്ദ്രത്തിലിറങ്ങിയത്.
ഉപരോധ സമരത്തിന് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, എ പ്രഭാകരന്‍, ദിനേശ് ബാബു, എം ജി ബാബു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it