Second edit

തവള വംശനാശം

കഴിഞ്ഞ ഒരു പതിറ്റാണ്ട് തവളകളുടെ കഷ്ടകാലമായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. തവളകളുടെ പല വംശങ്ങളും കുറ്റിയറ്റുപോയത് ഈ ചുരുങ്ങിയ സമയത്തിനുള്ളിലാണ്. ഒരു പതിറ്റാണ്ടു മുമ്പ് വന്‍തോതില്‍ കാണപ്പെട്ടിരുന്ന പലതരം തവളകളും ഒട്ടും കാണാനില്ലാത്ത അവസ്ഥയായെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
അതിനു കാരണം തവളകളെ ബാധിച്ച മാരകമായ ഒരിനം ഫംഗസാണ്. ബട്രാകോക്രീറ്റിയം ഡെന്റോബാറ്റിഡിസ് അഥവാ ബിഡി എന്ന പേരിലാണ് ഈ ഫംഗസ് അറിയപ്പെടുന്നത്. അത് പകര്‍ച്ചവ്യാധിയാണ്. തുടക്കത്തില്‍ ദക്ഷിണ അമേരിക്കയിലെ പാനമയിലെ കാടുകളിലാണ് അതു കണ്ടത്. പിന്നീട് ലോകമെങ്ങും വ്യാപിച്ചു. തവളകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.
പക്ഷേ, ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്, പലയിനം തവളകളും വംശനാശഭീഷണിയില്‍ നിന്നു രക്ഷപ്പെട്ടുവരുന്നതായാണ്. അവര്‍ പറയുന്നത്, തവളകള്‍ ഈ മാരകരോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ തുടങ്ങിയിരിക്കണമെന്നാണ്. മറ്റൊരു സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടുന്നു: ആഗോളതാപനം. ബിഡി ഫംഗസ് നല്ല തണുപ്പിലാണ് വ്യാപിക്കുന്നത്. ചൂടു കൂടുമ്പോള്‍ അത് നശിക്കും. ഇപ്പോള്‍ തവളകളുടെ രക്ഷയ്ക്ക് കാരണമായതും ചൂടു വര്‍ധിച്ചതാണെന്ന് സംശയിക്കണം. പക്ഷേ, ചൂട് ഇനിയും കൂടിയാല്‍ രോഗവാഹിയായ ഫംഗസ് മാത്രമല്ല, തവളകളും കരിഞ്ഞുപോവുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it