malappuram local

തവനൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്‌

എടപ്പാള്‍: തവനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഭരണം ഇനി എല്‍ഡിഎഫിന്. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പതിനെതിരേ പത്ത് വോട്ടുകള്‍ നേടിയാണ് നാസര്‍ കൂരട പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫിലെ ബിന്ദു ചാമപ്പറമ്പിലായിരുന്നു.
ഒന്നരമാസം മുമ്പാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ കെ പി സുബ്രഹ്്മണ്യന്‍ സ്ഥാനത്തുനിന്ന് പുറത്തായത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന് മുസ്്‌ലിംലീഗ് ടിക്കറ്റില്‍ മല്‍സരിച്ചു വിജയിച്ച നാസര്‍ കൂരട മാസങ്ങള്‍ക്കു മുമ്പ് അംഗത്വം രാജിവയ്ക്കുകായിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത് എല്‍ഡിഎഫ് നാസറിനെ ഇടത് പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു. എല്‍ഡിഎഫ് നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടതോടെയാണ് നാസര്‍ കൂരട പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
എല്‍ഡിഎഫിനും യുഡിഎഫിനും ഒമ്പത് സീറ്റുകള്‍ വീതമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തവനൂര്‍ പഞ്ചായത്തില്‍ ലഭിച്ചത്. ഏഴാംവാര്‍ഡില്‍നിന്നു അന്ന് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട കെ പി സുബ്രഹ്്മണ്യന് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കി കൂടെ കൂട്ടുകയായിരുന്നു. എന്നാല്‍, ഒരുവര്‍ഷത്തിനുശേഷം സുബ്രഹ്്മണ്യന്‍ യുഡിഎഫിന് നല്‍കിയ പിന്തുണ പിന്‍വലിച്ച് എല്‍ഡിഎഫിനൊപ്പം ചേരുകയും പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് പിന്തുണയോടെ നിലനിര്‍ത്തുകയുമാണുണ്ടായത്.
പിന്നീട് എല്‍ഡിഎഫ് സുബ്രഹ്്ണ്യനുള്ള പിന്തുണ പിന്‍വലിക്കുകയും യുഡിഎഫിലെ നാസര്‍ കൂരട അംഗത്വം രാജിവയ്ക്കുകയും ചെയ്തതോടെ വീണ്ടും ഇരുമുന്നണികള്‍ക്കും ഒമ്പത് സീറ്റുകള്‍ വീതമായി. ഉപതിരഞ്ഞെടുപ്പില്‍ നാസര്‍ കൂരട വിജയിച്ചതോടെയാണ് എല്‍ഡിഎഫ് അംഗസംഖ്യ പത്തായി ഉയര്‍ന്നത്. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനി വ്യവസായ കേന്ദ്രം ഓഫിസര്‍ വരണാധികാരിയായിരുന്നു.
Next Story

RELATED STORIES

Share it