malappuram local

തവനൂര്‍ ഗവ. കോളജ് അവഗണനയ്‌ക്കെതിരേ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന്

എടപ്പാള്‍: തവനൂര്‍ ഗവ. കോളജിനോട് സര്‍ക്കാരും എംഎല്‍എയും തുടരുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കാന്‍ എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ കോളജുകളോ എയ്ഡഡ് കോളജുകളോ ഇല്ലാത്ത മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ കോളജ് അനുവദിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ജില്ലയിലെ തവനൂര്‍ മണ്ഡലം ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ കോളജ് അനുവദിച്ചുകൊണ്ട് 2013ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ തവനൂര്‍ ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കോളജിന് സ്ഥലം കണ്ടെത്തുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്‌തെങ്കിലും തവനൂരില്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാരും മണ്ഡലം എംഎല്‍എയും കൈക്കൊള്ളുന്നത്. കോളജിന് കെട്ടിടം നിര്‍മിക്കാനായി അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുന്നതിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. തവനൂരിലെ ഒരു സ്വകാര്യ ട്രസ്റ്റ് കോളജ് നിര്‍മിക്കുന്നതിനായി അഞ്ചേക്കര്‍ സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറായിട്ടും അത് ഏറ്റെടുത്ത് കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് ഇതുവരെ ആരും രംഗത്തുവന്നിട്ടില്ല. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ തവനൂരിലുള്ള കെട്ടിടത്തിലാണ് താല്‍ക്കാലികമായി കോളജ് പ്രവര്‍ത്തിക്കുന്നത്. 250 ഓളം വിദ്യാര്‍ഥികള്‍ സ്ഥലപരിമിതി മൂലം ഏറെ പ്രയാസപ്പെട്ടാണ് ഇവിടെ അധ്യയനം തുടരുന്നത്.
സ്വകാര്യ കോളജ് ഉടമകള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ കോളജിന്റെ വികസന കാര്യത്തില്‍ അധികൃതര്‍ ശ്രദ്ധിക്കാതിരിക്കുന്നതെന്ന ആരോപമം ശക്തമാണ്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും എംഎല്‍എയും കൈക്കൊള്ളുന്ന നിരുത്തരവാദപരമായ നിലപാടിനെതിരെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്നുവൈകീട്ട് 4.30ന് തവനൂര്‍ അയങ്കലത്ത് നടക്കും. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ തവനൂര്‍ മണ്ഡലം പ്രസിഡന്റ് പി കെ ജലീല്‍ എടപ്പാള്‍, സെക്രട്ടറി റഹീസ് പുറത്തൂര്‍, മണ്ഡലം കമ്മിറ്റി അംഗം ടി പി അഷ്‌റഫ്, കുഞ്ഞീതു പൊയ്‌ലിശ്ശേരി, നൗഷാദ് അയങ്കലം, ജുനൈദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it