thrissur local

തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്



ചാവക്കാട്: തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി പേരിയ മുക്കത്ത് ബെന്നി (36)യെ ആണ് ചാവക്കാട് എസ്‌ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ബ്ലാങ്ങാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 17നാണ് ബ്ലാങ്ങാട് സ്വദേശിയായ യുവതിയുടെ വീട്ടില്‍ വന്ന് തവണവ്യവസ്ഥയില്‍ അലമാര നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍നിന്ന് ഇയാള്‍ 1500 രൂപ വാങ്ങിയത്. ഉച്ചയോടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയില്‍നിന്ന് പണം വാങ്ങി. വൈകീട്ട് അലമാര എത്തിക്കാമെന്നാണ് പറഞ്ഞിരുന്നത്. വൈകീട്ട് അലമാര എത്താതിരുന്നതിനെതുടര്‍ന്ന് യുവതി ഇയാളുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ അടുത്ത ദിവസം എത്തിക്കാമെന്ന് പറഞ്ഞു. ഇത്തരത്തില്‍ പലതവണ ഇതേ മറുപടി ഇയാള്‍ തുടര്‍ന്നു. എന്നാല്‍ സാവകാശം ഇയാളുടെ സംസാരരീതി മാറുകയും യുവതിയോട് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. യുവതിയുടെ നമ്പറില്‍നിന്ന് വിളിച്ചാല്‍ ഇയാള്‍ ഫോണെടുക്കാതായപ്പോള്‍ യുവതിയുടെ അമ്മയുടെയും സഹോദരന്റെയും നമ്പറില്‍നിന്ന് വിളിച്ചു. അവരോടും സഭ്യമല്ലാത്തവിധത്തില്‍ സംസാരിച്ച പ്രതി യുവതിയുടെ സഹോദരന്റെ നമ്പറിലേക്ക് നഗ്‌നചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തു. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് ഇയാള്‍ സാധാരണ തട്ടിപ്പിനെത്താറുള്ളതെന്ന് പോലിസ് പറഞ്ഞു. കോട്ടയം, കൊല്ലം ജില്ലകളിലും ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ജൂനിയര്‍ എസ്‌ഐ മുഹമ്മദ് റഫീഖ്, അഡീഷണല്‍ എസ്‌ഐ വി ഐ അഷ്‌റഫ്, സിപിഒ സനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it