kannur local

തളിപ്പറമ്പ് താലൂക്ക് അദാലത്ത് പ്രഹസനമായെന്ന് ആരോപണം

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫിസില്‍ ഇന്നലെ നടന്ന ജില്ലാ കലക്ടറുടെ അദാലത്ത് പ്രഹസനമായി. കാര്യമായ പ്രചാരണങ്ങളൊന്നും നല്‍കാതെ സംഘടിപ്പിച്ച അദാലത്തില്‍ പരാതികളില്‍ ന്യായമായ തീര്‍പ്പ് കല്‍പിക്കാനായില്ലെന്നാണ് ആരോപണം.
കഴിഞ്ഞ വര്‍ഷം നടത്തിയ അദാലത്തിലെ പരിഹരിക്കപ്പെടാത്ത പരാതികള്‍ പരിശോധിക്കുക പോലും ചെയ്തില്ല. കലക്ടര്‍ മീര്‍ മുഹമ്മദലി നേരില്‍ വാങ്ങിയ 40 പരാതികളും നേരത്തെ ലഭിച്ച 28 പരാതികളും കൗണ്ടറില്‍ ലഭിച്ച ഒരു പരാതിയും ഉള്‍പ്പെടെ 69 പരാതികളാണ് ഇന്നലെ പരിഗണനയ്ക്കു വന്നത്. മിച്ചഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ളതായിരുന്നു ഇതിലേറെയും. ഇതില്‍ സമയബന്ധിതമായി തീരുമാനമെടുത്ത് അറിയിക്കാനായിരുന്നു നിര്‍ദേശം. പൊക്കുണ്ടിനും കുറുമാത്തൂര്‍ പെട്രോള്‍ പമ്പിനുമിടയില്‍ ബസ് സ്‌റ്റോപ്പ് വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോറിക്ഷകളുടെ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എഡിഎം എ സി മാത്യു നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ ജോയിന്റ് ആര്‍ടിഒയെ ചുമതലപ്പെടുത്തി. വളക്കൈ മദ്‌റസ-കൊല്ലാടം റോഡ് ടാര്‍ ചെയ്യണമെന്ന പരാതിയില്‍ പഞ്ചായത്ത് തുക വകയിരുത്തിയതായി സെക്രട്ടറി അറിയിച്ചു.
വീടിനുവേണ്ടിയുള്ള പരാതികളില്‍ നടപടികള്‍ സ്വീകരിക്കാ ന്‍ അതാത് തദ്ദേശഭരണ സ്ഥാപന മേധാവികളെ ചുമതലപ്പെടുത്തി. ഡിവൈഎസ്പി കെ വി വേണുഗോപാല്‍, തഹസില്‍ദാര്‍ എം മുരളി, പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ രാജന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ ആര്‍ കൃഷ്ണരാജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it