kannur local

തളിപ്പറമ്പ് ജോയിന്റ് ആര്‍ടി ഓഫിസില്‍ വീണ്ടും വിജിലന്‍സ് റെയ്ഡ്

തളിപ്പറമ്പ്: തളിപ്പറമ്പ് ജോയിന്റ് ആര്‍ടി ഓഫിസില്‍ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. ചുരുങ്ങിയ കാലത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ഈ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടക്കുന്നത്. ഒന്നരമാസം മുമ്പ് ഓഫിസില്‍ നടത്തിയ റെയ്ഡിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. അതിനുശേഷവും നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം വൈകീട്ട് 3.30 മുതല്‍ 5 വരെ റെയ്ഡ് നടത്തിയത്. ചാര്‍ജ് ഈടാക്കാന്‍ പാടില്ലാത്ത സേവനങ്ങള്‍ക്ക് പോലും ഇടപാടുകാരില്‍ നിന്ന് പണം ഈടാക്കുന്നതായി കണ്ടെത്തി. ഇടപാടുകാരുടെ അജ്ഞത മുതലാക്കിയാണ് ഇത്തരത്തില്‍ പണം ഈടാക്കുന്നത്. കൈക്കൂലിയിനത്തില്‍ വന്‍ തുക
വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏജന്റുമാരാണ് ഫീസിനു പുറമെ ഉദ്യോഗസ്ഥര്‍ക്കു നല്‍കണമെന്ന് പറഞ്ഞ് തുക ഈടാക്കുന്നത്. ആര്‍ടി ഓഫിസില്‍ കൈകാര്യം ചെയ്യേണ്ട 300ഓളം രേഖകള്‍ ഏജന്റുമാരില്‍ നിന്ന് പിടിച്ചെടുത്തു. ഡ്രൈവിങ് ടെസ്റ്റില്‍ പാലിക്കേണ്ട നടപടികളൊന്നും ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ മറിച്ചുവില്‍ക്കുമ്പോള്‍ വന്‍തുക ഈടാക്കി പെട്ടെന്നുതന്നെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതായും കണ്ടെത്തി. തുക നല്‍കാത്തവരുടെ ആര്‍സി മാറ്റവും മറ്റും താമസിപ്പിക്കുകയാണു പതിവ്. റെയ്ഡില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം തുടര്‍ നടപടികളെടുക്കും. പരിശോധനയ്ക്കു വിജിലന്‍സ് സിഐ പി ശശിധരന്‍, സീനിയര്‍ സിപിഒ സുനോദ്, സിപിഒ പ്രകാശന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it