kannur local

തളിപ്പറമ്പില്‍ പേമെന്റ് സീറ്റ് വിവാദം; വിമതനെ നിര്‍ത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോഴും ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ ചൊല്ലി വിവാദം തുടരുന്നു. കോണ്‍ഗ്രസ് മല്‍സരിക്കുന്ന കല്യാശ്ശേരിയിലും പയ്യന്നൂരിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതിരുന്നപ്പോള്‍ കാലങ്ങളായി കേരള കോണ്‍ഗ്രസ്(എം) മല്‍സരിക്കുന്ന തളിപ്പറമ്പില്‍ ഇക്കുറി പേമെന്റ് സീറ്റ് വിവാദമാണുയര്‍ന്നത്.
എട്ടാംതവണയും കെ സി ജോസഫ് മല്‍സരിക്കുന്ന ഇരിക്കൂറിലാവട്ടെ യുഡിഎഫില്‍ വിമതഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പ്രചാരണം ഒന്നാം ഘട്ടം പൂര്‍ത്തിയാവുമ്പോഴും ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള അവ്യക്തത തുടരുകയാണ്. തളിപ്പറമ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത് നമ്പ്യാര്‍ മഹാസഭാ നേതാവ് രാജേഷ്‌നമ്പ്യാരെയാണ്. വ്യവസായിയായ ഇദ്ദേഹത്തിനെതിരേ വഞ്ചന കേസുകള്‍ ഉള്‍പ്പെടുയള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുശേഷം പൊടുന്നനെ കേരളാ കോണ്‍ഗ്രസ്(എം)ലേക്കു ചേക്കേറുകയായിരുന്നു. എന്നാല്‍, ജില്ലയിലെ യുഡിഎഫ് നേതൃത്വത്തെ പോലും ഞെട്ടിച്ചാണ് രാജേഷ് നമ്പ്യാര്‍ തളിപ്പറമ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടിയത്.
ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. തളിപ്പറമ്പില്‍ യുഡിഎഫിന്റേത് പേയ്‌മെന്റ് സീറ്റാണെന്നും സ്ഥാനാര്‍ഥിയെ മാറ്റാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായ റിജില്‍ മാക്കുറ്റി പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിഷേധം കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസിന് നിരവധി നേതാക്കളു—ള്ള മണ്ഡലത്തില്‍ പാര്‍ട്ടിയുമായോ യുഡിഎഫുമായോ ഒരു തരത്തിലും ബന്ധമില്ലാത്തയാളെയാണ് സ്ഥാനാര്‍ഥിയാക്കിയതെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. ഇരിക്കൂറില്‍ കെ സി ജോസഫിനു വീണ്ടും സ്ഥാനാര്‍ഥിത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ ആര്‍ അബ്ദുല്‍ഖാദര്‍ തദ്സ്ഥാനം രാജിവച്ചു. കെ സി ജോസഫിനെതിരേ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേസമയം, കല്ല്യാശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേരത്തേ അമൃത രാമകൃഷ്ണന്റെ പേരാണ് ഉയര്‍ന്നിവന്നിരുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും മുന്‍ മന്ത്രി എന്‍ രാമകൃഷ്ണന്റെ മകളുമായ അമൃതയ്ക്ക് കഴിഞ്ഞ ദിവസം ഡിസിസി ഓഫിസില്‍ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിക്കൊപ്പം സ്വീകരണവും നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗിക പട്ടികയില്‍ അമൃതയുടെ പേരില്ലാത്തതോടെ പ്രചാരണവും നിര്‍ത്തിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it