തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്തു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: താലൂക്ക് ഓഫിസ് പരിസരത്തെ ഗാന്ധിപ്രതിമ തകര്‍ത്ത് മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍. ബിജെപി പ്രവര്‍ത്തകന്‍ പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിനു സമീപം പള്ളിക്കുന്നില്‍ പി ദിനേശനെ(42)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നു പറയപ്പെടുന്ന ദിനേശനെ പോലിസ് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.
ഇന്നലെ രാവിലെ 8.25ഓടെയാണ് രാഷ്ട്രപിതാവിന്റെ പ്രതിമയുടെ കണ്ണട അടിച്ചുതകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്ത് ഇടിക്കുകയും ചെയ്തത്. ഇതിനുശേഷം യുവാവ് സ്ഥലത്തു നിന്ന് ഓടിപ്പോവുകയായിരുന്നു. ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാക്കള്‍ വിവരം പോലിസിനെ അറിയിച്ചു.
തളിപ്പറമ്പ് എസ്‌ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്നു ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് ദിനേശന്‍ പിടിയിലായത്. ഇയാള്‍ പരിയാരം സിപോയില്‍ മേഖലയിലെ സജീവ ബിജെപി പ്രവര്‍ത്തകനാണെന്നു പോലിസ് പറഞ്ഞു.
ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയശേഷം രാജ്യത്തിന്റെ പല ഭാഗത്തും പ്രതിമ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് തളിപ്പറമ്പിലും പ്രതിമ തകര്‍ക്കപ്പെട്ടത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകനും മാനസിക രോഗമുണ്ടെന്നാണ് പോലിസ് അവകാശപ്പെട്ടത്.
Next Story

RELATED STORIES

Share it