kannur local

തളിപ്പറമ്പിലെ സ്ഥാനാര്‍ഥിക്കെതിരായ പരാതി; ഇന്ന് വീണ്ടും ചര്‍ച്ച

തളിപ്പറമ്പ്: തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊല്ലി യുഡിഎഫിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഇന്നു വീണ്ടും ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായി സ്ഥാനാര്‍ഥിപട്ടികയിലുള്ള നമ്പ്യാര്‍ മഹാസഭ പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍ക്കെതിരേയാണ് വീണ്ടും പരാതികളുയര്‍ന്നത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികളാണു ലഭിച്ചിട്ടുള്ളത്.
യുഡിഫിലെ പ്രബല ഘടകക്ഷികളായ കോണ്‍ഗ്രസിലും മുസ്‌ലിംലീഗിലും എതിര്‍പ്പുയര്‍ന്നതിനു പിന്നാലെയാണ് സാമ്പത്തിക ആരോപണങ്ങളും ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം യുഡിഎഫ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെയും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെയും അറിയിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. പരാതികള്‍ വ്യാപകമാവുകയും പ്രചാരണം പോലും നടത്താനാവാതിരിക്കുകയും ചെയ്തതോടെയാണ്, രാജേഷ് നമ്പ്യാര്‍ തന്നെ മുന്‍കൈയ്യെടുത്ത് സംസ്ഥാന തലത്തില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ പ്രേരിപ്പിച്ചത്. ഇന്നു തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടായേക്കും. ഇതിനിടെ, കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം ഇന്നു തളിപ്പറമ്പിലെത്തുന്നുണ്ട്. പ്രാദേശിക കമ്മിറ്റികളുമായും യുഡിഎഫ് നേതൃത്വവുമായും ചര്‍ച്ച നടത്തും. ആരോപണങ്ങളുടെ നിജസ്ഥിതി ഇദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാത്തത് അണികള്‍ക്കിടയിലും അമര്‍ഷത്തിനിടയാക്കുന്നുണ്ട്. മറ്റെല്ലാ മണ്ഡലങ്ങളിലും പ്രചാരണം ചൂടുപിടിച്ചിട്ടും തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയെ ഉറപ്പിക്കാനാവാത്ത അവസ്ഥയാണുള്ളത്. ഇത് എതിരാളികള്‍ക്ക് വന്‍ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നാണ് അണികളുടെയും അഭിപ്രായം. ജില്ലയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജേഷ് നമ്പ്യാര്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയോട് തര്‍ക്കം പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it