malappuram local

തളര്‍ന്നവര്‍ ഇരുന്നു, ഇരുന്നവര്‍ നടന്നു; വിസ്മയങ്ങള്‍ തീര്‍ത്ത് സാന്ത്വനം ക്യാംപ്

പെരിന്തല്‍മണ്ണ: അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ രോഗികള്‍ ഇരുന്നു, വീല്‍ചെയറില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍ പിച്ചവെച്ച് നടന്നു. പെരിന്തല്‍മണ്ണയിലെ സാന്ത്വനം ദശദിന ക്യാംപാണ് വിസ്മയങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത്. പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അരയ്ക്കുതാഴെ തളര്‍ന്നവരുടെ ദശദിന ക്യാംപ് നിരവധി രോഗികള്‍ക്ക് ജീവിതത്തിലേക്ക് കരുത്തും ആത്മവിശ്വാസവുമേകി.
ക്യാംപില്‍ വൈദ്യപരിശോധന, തൊഴില്‍ പരിശീലനം എന്നിവയ്‌ക്കൊപ്പം ആത്മവിശ്വാസം നല്‍കുന്ന മനശാസ്ത്ര പരിശീലനവും നല്‍കി. ജീവിതം വീല്‍ചെയറിലായ ഒലിപുഴ സ്വദേശി ഫൈസല്‍ (25), മഞ്ചേരി സ്വദേശി രാഹുല്‍ (20) എന്നിവര്‍ വീല്‍ചെയറിനോട് വിടപറഞ്ഞ് നടക്കാന്‍ തുടങ്ങിയത് ക്യാംപില്‍ സന്തോഷവും അല്‍ഭുതവും സമ്മാനിച്ചു.
അരയ്ക്കുതാഴെ തളര്‍ന്ന യുവ ഫുട്ബാള്‍ താരം പടപ്പറമ്പ് സ്വദേശി ഉദയന്‍ (28) സ്വന്തമായി എണീറ്റ് നിന്ന് എല്ലാവരെയും വിസ്മയത്തിലാഴ്ത്തി. എംഇഎസ് മെഡിക്കല്‍ കോളജ്, മൗലാനാ, കിംസ് അല്‍ഷിഫ, അസന്റ്, ഇംഎംഎസ് തുടങ്ങിയ ആശുപത്രിയും, ഐഎഎ അംഗങ്ങളും വൈദ്യപരിശോധനയ്ക്ക് നേതൃത്വം നല്‍കി. നൂറിലധികം വോളന്റിയര്‍മാര്‍ വിശ്രമ രഹിതമായി സന്നദ്ധ സേവനം നല്‍കിയാണ് ക്യാംപ് നടത്തിയത്. സൗഹൃദ കൂട്ടായ്മയും സാംസ്‌കാരിക സായാഹ്നങ്ങളും കലാവിരുന്നും പത്ത് ദിവസങ്ങളില്‍ സംഘടിപ്പിച്ചു.
മന്ത്രി മഞ്ഞളാംകുഴി അലി, സിനിമാ നടന്‍ മണികണ്ടന്‍ പട്ടാമ്പി, കാഞ്ചനമാല, സബ്കലക്ടര്‍ ജാഫര്‍ മാലിക്, തഹസില്‍ദാര്‍ കെ ദേവകി, റിസര്‍ച്ച് ഓഫിസര്‍ രേഖാ ആര്‍ നായര്‍ തുടങ്ങിയവര്‍ ക്യാംപ് സന്ദര്‍ശിച്ചു. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, വൈസ് ചെയര്‍മാന്‍ നിശി അനില്‍ രാജ്, സാന്ത്വനം കോ-ഓഡിനേറ്റര്‍ കിഴിശ്ശേരി സലീം, ഡോ. വിന്നര്‍ ഷരീഫ് ക്യാംപിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it