തല്ലാനുമറിയാം, തലോടാനുമറിയാം വയനാടന്‍ വോട്ടര്‍മാര്‍ക്ക്

തല്ലാനുമറിയാം, തലോടാനുമറിയാം വയനാടന്‍ വോട്ടര്‍മാര്‍ക്ക്
X
ജംഷീര്‍ കൂളിവയല്‍

യുഡിഎഫിനെ തലോടി മാത്രം പരിചയമുണ്ടായിരുന്ന വയനാടന്‍ വോട്ടര്‍മാര്‍ മാറി ചിന്തിച്ചത് 2006ലാണ്. അതുവരെ യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന തലവാചകം ജില്ല തിരുത്തിയെഴുതി. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം മാത്രം എന്ന ചരിത്രം 2006ല്‍ മൂന്നു നിയോജകമണ്ഡലങ്ങളില്‍നിന്നും ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചു മാറ്റിയെഴുതി. പാഠമുള്‍ക്കൊണ്ട യുഡിഎഫ് 2011ല്‍ മൂന്നു മണ്ഡലങ്ങളും തിരിച്ചുപിടിച്ചു.ജില്ലയില്‍ ഇത്തവണ 2006 ആവര്‍ത്തിച്ചേക്കുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ് പ്രചാരണത്തിന് അടിത്തറയിട്ടു കഴിഞ്ഞു.  2011ല്‍ ആകെയുള്ള മൂന്നില്‍ രണ്ടു മണ്ഡലങ്ങളും പട്ടികവര്‍ഗ സംവരണ മണ്ഡലമായിരുന്നു. മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയും. സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ വനിതാ മണ്ഡലമായിരുന്നു മാനന്തവാടി.  ഇവിടെ നിലവിലെ മന്ത്രി ജയലക്ഷ്മി കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു കയറിയപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ്സിലെതന്നെ ഐ സി ബാലകൃഷ്ണനായിരുന്നു വിജയം. ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയില്‍ സോഷ്യലിസ്റ്റ് ജനതയിലെ എം വി ശ്രേയാംസ് കുമാറും വിജയിച്ചു. ഇക്കുറിയും മാനന്തവാടിയും ബത്തേരിയും സംവരണ മണ്ഡലങ്ങളാണ്. അന്ന് സോഷ്യലിസ്റ്റ് ജനത ആയിരുന്ന ഇന്നത്തെ ജനതാദള്‍ (യു) എല്‍ഡിഎഫിന്റെ ഭാഗമായേക്കുമെന്ന പ്രചാരണമുണ്ടായപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ഥിക്കുപ്പായം തുന്നാന്‍ നല്‍കിയവരില്‍ സംസ്ഥാന നേതാക്കള്‍ വരെയുണ്ട്.

Wayanad-Electionസാഹചര്യങ്ങള്‍ ഇനിയും മാറി മറിഞ്ഞേക്കുമെന്ന പ്രതീക്ഷയില്‍ സ്വപ്‌നലോകത്തുള്ള സീറ്റിനായി ഗ്രൂപ്പ് യുദ്ധം തുടരുകയാണ്. ജനതാദളിന്റെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയില്‍ ഇരുമുന്നണിയുടെയും സ്ഥാനാര്‍ഥി നിര്‍ണയം. ഏതു മുന്നണിയിലായാലും സിറ്റിങ് എംഎല്‍എ ശ്രേയാംസ്‌കുമാര്‍ തന്നെയാവും സ്ഥാനാര്‍ഥി. യുഡിഎഫിലാണ് ശ്രേയാംസെങ്കില്‍ സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനെ വച്ച് നേരിടാനുള്ള ആലോചനകള്‍ എല്‍ഡിഎഫ് ക്യാംപുകളില്‍ സജീവമാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരപക്ഷത്തില്‍ യുഡിഎഫ് ബാനറില്‍ വിജയിച്ച എം ഐ ഷാനവാസ് അത്ര എളുപ്പത്തിലല്ല 2014ല്‍ ജയിച്ചുകയറിയത്. 2009ല്‍ 19000ന് മുകളിലായിരുന്നു മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ ഭൂരിപക്ഷം. എന്നാല്‍ 2014ല്‍ ഇത് യഥാക്രമം 8666ഉം 8983ഉം ആയി കുറഞ്ഞു. നേര്‍പകുതിയില്‍ താഴെ.  2009ല്‍ 24029 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 1880 വോട്ട് മാത്രമാണ് ഷാനവാസിന് ലഭിച്ച ഭൂരിപക്ഷം. കസ്തൂരി കാറ്റ് ഷാനവാസിനെതിരേ വീശിയപ്പോള്‍ മലപ്പുറം ജില്ലയിലുള്‍പ്പെട്ട വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളാണ് ഒപ്പംനിന്നത്. എന്നാല്‍, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലതിനോട് ചേര്‍ന്നാണ് വയനാട് നിലകൊണ്ടത്. ജില്ലാപഞ്ചായത്തില്‍ 16ല്‍ 11 സീറ്റ് നേടി യുഡിഎഫ് ഭരണം നിലനിര്‍ത്തി. നാലില്‍ മൂന്നു ബ്ലോക്ക് പഞ്ചായത്തുകളും നേടാന്‍ കഴിഞ്ഞു. ഗ്രാമപ്പഞ്ചായത്തുകളില്‍ 22ല്‍ 16 ഇടങ്ങളില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടിയെങ്കിലും മറ്റിടങ്ങളില്‍ യുഡിഎഫിനായിരുന്നു ആധിപത്യം.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുന്നതിനുള്‍പ്പെടെ കാരണമായ പാളയത്തില്‍ പട ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തെരുവ് യുദ്ധത്തിലേക്കു വരെയെത്തി. മാനന്തവാടി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അണികള്‍ കൂട്ടമായി കാലുവാരി തോറ്റതിനെ തുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണ്‍ പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച സംഭവം വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട് മൂര്‍ച്ഛിച്ച വിഭാഗീയത വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയുണ്ട്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മറുകണ്ടം ചാടി വോട്ട് മറിച്ചുചെയ്ത് ഇടതുമുന്നണിക്ക് ഭരണം നേടിക്കൊടുത്തത് യുഡിഎഫിലും കലാപക്കൊടി ഉയര്‍ത്തി. യുഡിഎഫ് വോട്ടര്‍മാര്‍ മാറി ചിന്തിച്ചാലല്ലാതെ സ്വന്തം കരുത്തില്‍ എല്‍ഡിഎഫിന് വിജയം സ്വപ്‌നം കാണാന്‍പോലും കഴിയില്ല. നേരത്തേ ആജന്‍മ ശത്രുവായി പ്രഖ്യാപിച്ച വീരേന്ദ്രകുമാറിനെപ്പോലും സ്വീകരിക്കാന്‍ ഇടതുമുന്നണി തയ്യാറായത് ഓരോ വോട്ടിലും കണ്ണും നട്ടാണ്. സിപിഎം- സിപിഐ തര്‍ക്കവും സിപിഎമ്മിനുള്ളിലെ വിഭാഗീയതയും ഇടതുപാളയത്തില്‍ ആശങ്കയ്ക്ക് ഇടം നല്‍കുന്നവയാണ്. നേതൃമാറ്റമുള്‍െപ്പടെയാണ് ബിജെപി പരീക്ഷണം. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചുപോലും വര്‍ഗീയ കാര്‍ഡിറക്കി പ്രചാരണം നടത്തിയിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it