thrissur local

തലോര്‍ കായലിലെ വെള്ളത്തിന് നിറവ്യത്യാസം: നാട്ടുകാര്‍ ആശങ്കയില്‍

പുതുക്കാട്: നിരവധി ശുദ്ധജല പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന മണലിപുഴയിലേക്കെത്തുന്ന വെള്ളത്തിന് നിറവ്യത്യാസം. മലിനജലമാണെന്ന ആശങ്കയില്‍ നാട്ടുകാര്‍. തലോര്‍ കായല്‍ ഉള്‍പ്പെടുന്ന ദേശീയപാതയോരത്തെ പാടങ്ങളില്‍ നിന്നുള്ള ചാലുകളിലൂടെ കറുത്ത നിറവും ദുര്‍ഗന്ധവുമുള്ള വെള്ളമാണ് മണലിപുഴയിലേക്ക് ഒഴുകിയെത്തുന്നത്.
പാടത്തേക്ക് വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളും ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ രാസമാലിന്യങ്ങളുമാണ് പുഴയില്‍ എത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പാടത്തുള്ള ചണ്ടിയും പുല്ലും ചീഞ്ഞതിന്റെ അഴുക്കുവെള്ളമാണ് പുഴയിലേക്ക് എത്തുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിലും ആശങ്കപെടേണ്ടതി ല്ലെന്നാണ് അധികൃതരുടെ നിലപാട്. പാടത്ത് തള്ളിയ രാസമാലിന്യ മുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ മഴ ശക്തമാകുന്നതോടെ പുഴയിലേക്ക് ഒഴുകിയെത്തുകയാണെന്നും ശാസ്ത്രീയമായ പരിശോധന നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും പരിഷത്ത് പ്രവര്‍ത്തകനായ ശ്രീനാഥ് പറഞ്ഞു. പാടത്തെ ചണ്ടിയും പായലും ചീഞ്ഞതാണ് വെള്ളം മലിനമാകാന്‍ കാരണമെന്നിരിക്കെ തരിശായി കിടക്കുന്ന തലോര്‍ കായലിലും അരക്കപാടത്തും നെല്‍കൃഷി ആരംഭിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള തീരുമാനത്തിലാണ് നെന്‍മണിക്കര പഞ്ചായത്ത്. കൃഷിയോഗ്യമായ പാടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്‍ അറിയിച്ചു.
നിറവ്യത്യാസമുള്ള വെള്ളം കലരുന്ന കാച്ചകടവില്‍ ഇറങ്ങുന്നവര്‍ക്ക് ചൊറിച്ചല്‍ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. എത്രയും വേഗം പുഴയിലെ വെള്ളം പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it