thiruvananthapuram local

തലസ്ഥാനം ഭീതിയിലാണ്... ഒരാഴ്ചയ്ക്കിടെ അപമാനിക്കപ്പെട്ടത് അഞ്ച് സ്ത്രീകള്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: പെരുമ്പാവൂരില്‍ മരിച്ച നിയമ വിദ്യാര്‍ഥിനി ജിഷയുടെ ദാരുണാന്ത്യമേല്‍പ്പിച്ച മുറിവുണങ്ങും മുമ്പ് ഇങ്ങ് തലസ്ഥാനത്ത് നിരവധി സ്ത്രീകളും പിച്ചിച്ചീന്തപ്പെട്ടു. 14കാരിമുതല്‍ 68 വയസായ വയോധികവരെ കാമഭ്രാന്തന്‍മാര്‍ക്ക് ഇരകളായി എന്നത് നടുക്കത്തോടെയാണ് സ്ത്രീസമൂഹം കാണുന്നത്.
ജിഷയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ സ്ത്രീകളെയൊന്നാകെ വര്‍ക്കല കൂട്ടബലാല്‍സംഗവും അഞ്ചുതെങ്ങ് പീഡനവും സ്തംബ്ധരാക്കി. പിന്നെ കേട്ടത് ഒരുപിടി പീഡന വാര്‍ത്തകളാണ്. 19കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ, സ്‌നേഹംനടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൂട്ടബലാല്‍സംഗം ചെയ്തത്.
സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന നിരാലംബയായ മുത്തശിയാണ് ഒരുത്തന്റെ കാമഭ്രാന്തിന് ഇരയായത്. അഞ്ചുതെങ്ങില്‍ നടന്ന ഈ സംഭവം മയക്കുമരുന്നിനടിമയായ ഒരു നരാധമന്‍ ചെയ്തതാണെങ്കില്‍ തുമ്പയില്‍ 15 കാരിയായ മാനസിക വൈകല്യമുള്ള സ്വന്തം മകളെ പിതാവ് തന്നെ പീഡിപ്പിച്ചു. വെള്ളറടയില്‍ 14കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കൊ ണ്ടുപോയി താമസിപ്പിച്ച് മൂന്ന് ദിവസം പീഡിപ്പിച്ച ശേഷം പറഞ്ഞുവിട്ട 20കാരനും ആശുപത്രിയിലെ ജോലിക്കിടെ നഴ്‌സിനെ കടന്നുപിടിച്ച കാമവെറിയനും ഇവിടെ തലസ്ഥാനത്ത് വിലസുകയാണ്. ഇതിനിടയില്‍ പിടിക്കപ്പെടാതെ, അറിയപ്പെടാതെ പോയ നിരവധി കേസുകള്‍ വേറെയുമുണ്ടാകാം. സുരക്ഷ ശക്തമാണെന്ന് സിറ്റിപോലീസ് കമ്മിഷ്ണര്‍ സ്പര്‍ജന്‍കുമാര്‍ പറയുന്നത് തിരഞ്ഞെടുപ്പും നിലവിലെ സാഹചര്യവും കണക്കിലെടുത്ത് തലസ്ഥാനത്ത് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ്. ഭയക്കേണ്ട സാഹചര്യമില്ലെ ന്നും വനിതകള്‍ ഉള്‍പ്പെടെ നിരവധി ഷാഡോപോലീസുകാര്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി സജ്ജരാണെന്നും അദ്ദേഹം പറയുമ്പോഴും സ്ത്രീകള്‍ ഭയത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന ഈ സംഭവങ്ങള്‍ തലസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കള്ളില്‍ നിന്നു കഞ്ചാവിലേക്ക് വഴിമാറിയ തലമുറയുടെ നേരംകൊല്ലിയായ ഈ വിനോദത്തോട് തലസ്ഥാനത്തെ വനിതകളുടെ പ്രതികരണങ്ങളിലൂടെ അവരുടെ ഭയപ്പാടുകള്‍ അധികാരികള്‍ക്കു മുന്നില്‍ വയ്ക്കുകാണ്. ഇലക്ഷന്‍ തിരക്കിലായ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഭരണ സിരാകേന്ദ്രത്തില്‍ നിന്ന് വിളിപ്പാടകലെ മാത്രം നടന്ന ഈ സംഭവങ്ങളും ഗൗരവത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതകള്‍ സംസാരിക്കുന്നു, അവര്‍ക്ക് വേണ്ടി.
ചന്ദ്രിക പത്രവില്‍പനക്കാരി

കൊല്ലണം മക്കളേ അവനെയൊക്കെ എറിഞ്ഞു കൊല്ലണം' പത്രവില്‍പ്പനക്കാരിയായ ചന്ദ്രിക പറയുന്നു. വില്‍ക്കാന്‍ കൊണ്ടു നടക്കുന്ന പത്രത്തിലെ വാര്‍ത്തയെല്ലാം പീഡനമായതുകൊണ്ട് ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്. എന്നാല്‍ വാര്‍ത്ത ഉറക്കെ പറഞ്ഞ് പത്രം വില്‍ക്കാന്‍ നാവു പൊങ്ങുന്നില്ല മക്കളേ എന്നാണ് ചന്ദ്രിക ചേച്ചി പറയുന്നത്. എനിക്കുമുണ്ട് രണ്ട് പെണ്‍മക്കള്‍. അവര്‍ക്കും പുറത്തിറങ്ങി നടക്കണം. ഒരാള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടിയാല്‍ പിന്നെ കുറെപ്പേരെങ്കിലും ഒതുങ്ങും... എന്നാല്‍ ഞാന്‍ പോട്ടെ, പത്രം വിറ്റിട്ട് വീട്ടില്‍ പോകാന്‍ ധൃതിയുണ്ട് മോളെ...മക്കള് തന്നെയുള്ളൂ. തിരുവല്ലത്ത് എത്തേണ്ടതാ, ചന്ദ്രിക ചേച്ചിയുടെ അമ്മ മനസ് പിടച്ചു.
വിഎസ് കല്യാണി മാധ്യമ വിദ്യാര്‍ഥിനി
വാര്‍ത്തകള്‍ കേള്‍ക്കുമ്പോ ള്‍ പകല്‍പോലും തനിച്ച് നടക്കാന്‍ പേടിയാണെന്നു പറയുന്നു മാധ്യമ വിദ്യാര്‍ഥിനി കല്യാണി. പ്രായവും വേഷവും നിറവും ഒന്നും അല്ല കാരണം എന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. വൃദ്ധയായാലും പെണ്‍കുട്ടിയായാലും അവള്‍ പീഡിപ്പിക്കപ്പെടാന്‍ വേണ്ടി മാത്രമുള്ള ഉപകരണമായി മാറുന്ന കാഴ്ചയാണ്. പെണ്‍കുട്ടികളുടെ വസ്ത്രധാരണമോ ശൈലിയോ അല്ല മാറേണ്ടത്. ഇവിടുത്തെ നിയമമാണ്. ജിഷയുടെ പേരില്‍ നടക്കുന്ന ഈ കോലാഹലങ്ങള്‍ ഇലക്ഷന്‍ കഴിയും വരെ മാത്രമെ കാണൂ. പിന്നെ എല്ലാം പഴയതുപോലെയാകും. നിയമം കര്‍ശനമായാല്‍ ഒരുപരിധിവരെ ഞങ്ങള്‍ സുരക്ഷിതരാകുമെന്ന് പറയുന്നു കല്യാണി.
എംഎസ് അനുപമ
ജിഷയുടെ കൊലപാതകം ഓരോ മലയാളിപ്പെണ്ണിനേയും ഭയപ്പെടുത്തുന്നുണ്ട്, കരയിപ്പിക്കുന്നുണ്ട്, രോഷംകൊള്ളിക്കുന്നുണ്ട്. അതിനപ്പുറം, ഓരോ മലയാളിപ്പെണ്ണും ഇന്ന് താന്‍ ജിഷയാണ്, സൗമ്യയാണ്, ജ്യോതി സിങ്ങാണ് എന്ന തിരിച്ചറിവില്‍ നില്‍ക്കുകയാണ്. ജിഷയുടെ ശരീരത്തിലേറ്റ ഓരോ മുറിവും എന്റെയും ആത്മാവിലേറ്റിട്ടുണ്ട്.
ആ വാര്‍ത്തയുടെ ഭയം മാറുംമുന്‍പാണ് തിരുവനന്തപുരത്ത് പിഞ്ചു ബാലികയെയും 19കാരിയെയും വൃദ്ധയേയും പൈശാചികമായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ വരുന്നത്. രാത്രിയെന്നോ പകലെന്നോ, അച്ഛനെന്നോ അപരിചിതനെന്നോ, ബാലികയെന്നോ മുത്തശ്ശിയെന്നോ വ്യത്യാസമില്ലാതെ പെണ്ണിനെ കടന്നുപിടിക്കുകയാണ് ക്രിമിനലുകള്‍. ചെറുതും വലുതുമായ ലൈംഗിക കടന്നുകയറ്റങ്ങളിലൂടെയാണ് എല്ലാ സ്ത്രീകളും, ദേശഭാഷാമതജാതി ദേദമില്ലാതെ ജീവിക്കുന്നത്. ഭയത്തിന്റെ ഒരു അന്തരീക്ഷം തിരിച്ചറിവാകുന്ന കാലംമുതല്‍തന്നെ പെണ്‍കുഞ്ഞിനുചുറ്റും മൂടുന്നുണ്ട്, അവളെ ശബ്ദമില്ലാത്തവളാക്കുന്നുണ്ട്. ജിഷയുടെ മരണവും, ഈ ഭീതി വര്‍ദ്ധിപ്പിക്കാനാണ് സമൂഹം ഉപയോഗപ്പെടുത്തുന്നത്.
മറിച്ച്, അടച്ചുറുപ്പുള്ള കതകല്ല, കതക് ചവിട്ടിത്തുറക്കാത്ത സമൂഹമാണ് ഇവിടെ ഉണ്ടാകേണ്ടത്. നിയന്ത്രിക്കേണ്ടത് പെണ്ണിന്റെ ഇത്തരിവട്ടത്തിലെ ലോകമല്ല, ആ ചെറുതുരുത്തിലേക്കും കടന്നുകയറുന്ന ആണിന്റെ അക്രമാസക്തിയാണ്. അടച്ചുറപ്പുള്ള കതകുകളല്ല, അനീതിക്കെതിരെ കണ്ണുതുറന്നിരിക്കുന്ന അടച്ചുറപ്പുള്ള സമൂഹമാണ് നമുക്ക് ആവശ്യം. അതു നടപ്പിലാകുംവരെ പെണ്‍കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച്, തലയ്ക്കടിയില്‍ കത്തിയുമായി ഉറങ്ങാത്ത കണ്ണുകളുമായി മലയാളിപ്പെണ്ണ് നേരംവെളുപ്പിക്കുമെന്ന് രോഷത്തോടെ പറഞ്ഞു നിര്‍ത്തുന്നു മാധ്യമപ്രവര്‍ത്തകയായ അനുപമ.
അനീഷ അഹമ്മദ് വിദ്യാര്‍ഥിനി
പൂര്‍ണമായ സാക്ഷരത കൈവരിച്ചുവെന്ന് വീമ്പിളക്കുമ്പോഴും കേരളത്തില്‍ സ്ത്രീകളോടുള്ള കാഴ്ചപ്പാട് മാറിയിട്ടില്ലെന്ന് പറയുന്നു സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കുന്ന തൃശൂര്‍ സ്വദേശിനി അനീഷ അഹമ്മദ്. എല്ലായിടങ്ങളിലും സ്ത്രീ ചൂഷണം ചെയ്യപ്പെടുകയാണ്. എന്നാല്‍ അവള്‍ക്ക് നീതി ലഭിക്കുന്നില്ല. നിലവിലുള്ള നിയമവ്യവസ്ഥയുടെ പരാജയമാണ് വീണ്ടും വീണ്ടും സ്ത്രീകള്‍ അക്രമണത്തിനിരയാകുന്നത്. നിയമം കര്‍ശനമാക്കുന്നതോടൊപ്പം വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ തന്നെ ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസവും കുട്ടികള്‍ക്ക് നല്‍കണം. സ്ത്രീകള്‍ സ്വയം സുരക്ഷയും ശീലമാക്കണം. നമുക്ക് പ്രതിരോധം തീര്‍ക്കാന്‍ മറ്റാരും വരില്ലെന്ന് എല്ലാവരും മനസില്‍ വയ്ക്കണം.
Next Story

RELATED STORIES

Share it