kannur local

തലശ്ശേരി-വളവുപാറ റോഡില്‍ സുരക്ഷാ നടപടികള്‍ തുടങ്ങി

ഇരിട്ടി: തലശ്ശേരി—വളവുപാറ റോഡ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അടിയന്തര സുരക്ഷാ നടപടികള്‍ ആരംഭിച്ചു. എട്ടുമീറ്റര്‍ ഉയരത്തില്‍ മണ്ണ് ചെത്തിയിറക്കി വീതികൂട്ടിയ മാടത്തില്‍ പള്ളിക്കു മുമ്പില്‍ അതേഭാഗത്ത് കരിങ്കല്‍ഭിത്തി കെട്ടി സംരംക്ഷിക്കുന്ന പ്രവൃത്തികള്‍ക്കിടെയാണ് അപകടം. മുറ്റം പൂര്‍ണമായും ഇടിഞ്ഞതിനെ തുടര്‍ന്ന് പള്ളി അപകടാവസ്ഥയിലാണ്. ആദ്യഘട്ടത്തില്‍ മണല്‍ നിറച്ച ചാക്കുകള്‍ അട്ടിയിട്ട് വീണ്ടും ഇടിയാതിരിക്കാനുള്ള സാധ്യത ഒഴിവാക്കുന്ന പ്രവൃത്തി നടത്തും. ഇതിനുശേഷം അടിത്തറ ഉള്‍പ്പെടെ എട്ടുമീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് മതില്‍ പണിയും. 40 മീറ്റര്‍ നീളത്തിലാണ് മതില്‍ നിര്‍മിക്കേണ്ടതെങ്കിലും അപകടംആവര്‍ത്തിക്കാതിരിക്കാന്‍ അഞ്ചുമീറ്റര്‍ വീതി വീതമെടുത്താണ് പ്രവൃത്തി നടത്തുക. മഴ പെയ്താല്‍ മണ്ണിടിയുമെന്നതിനാല്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് വെള്ളം ഇറങ്ങാത്ത സ്ഥിതിയാക്കി. പള്ളിയുടെ മുകളില്‍നിന്ന് വീഴാതിരിക്കാന്‍ പൈപ്പുകളും സ്ഥാപിച്ചു. ഇതേസമയം, അതീവ ഗൗരവത്തോടെയാണ് റോഡ് നിര്‍മാണത്തൊഴിലാളി മരിച്ച സംഭവത്തെ കെഎസ്ടിപി കാണുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സ്ഥലം സന്ദര്‍ശിച്ച റസിഡന്റ് എന്‍ജിനീയര്‍ പി വി ശശികുമാര്‍, ഡെപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍ പി പ്രബിന്ദ്, ബ്രിഡ്ജസ് എന്‍ജിനീയര്‍ കെ രാജേഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ സതീശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്ടിപിയുടെയും റോഡ് നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെയും പ്രാഥമിക നിഗമനം. ആറിനു ലോകബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it