kannur local

തലശ്ശേരി -മൈസൂര്‍ പാതയെ എതിര്‍ത്ത് കര്‍ണാടക

മട്ടന്നൂര്‍: തലശ്ശേരി-മൈസൂര്‍ റെയില്‍പാതയ്ക്കു എതിര്‍പ്പുമായി കര്‍ണാടക. കുടകിലൂടെയുള്ള റെയില്‍പാതയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ സമരം ശക്തമാക്കിയതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്. കുടകിന്റെ പരിസ്ഥിതിയെയും വന്യമൃഗങ്ങളുടെ സഞ്ചാരത്തെയും ബാധിക്കുന്നതിനാല്‍ പാതയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യവസായ മന്ത്രി ആര്‍ വി ദേശ്പാണ്ഡെ കര്‍ണാടക നിയമസഭയില്‍ നിലപാട് അറിച്ചത്. പ്രധാനമായും മുന്നു കാരണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. പദ്ധതി ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നും നിക്ഷേപം കണക്കിലെടുത്തുള്ള ലാഭം പ്രതീക്ഷിക്കാനാവില്ലെന്നും ആദ്യം ചൂണ്ടിക്കാട്ടുന്നു. പാത കടന്നുപോവുന്നത് സംരക്ഷിത വനമേഖലയിലൂടെയാണ്, പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരം ശക്തമാക്കിയാല്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നുമാണ് എതിര്‍പ്പിനു കാരണം. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. 1.50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച് പാതയ്ക്കായുള്ള പ്രാഥമിക സര്‍വേ പുര്‍ത്തിയാക്കിയിരുന്നു. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് സര്‍വേ നടത്തിയത്. തലശ്ശേരിയില്‍ തുടങ്ങി തൊട്ടുകിടക്കുന്ന സംസ്ഥാനമായ കര്‍ണാടകയിലെ മൈസൂരില്‍ റെയില്‍വേ പാതയുണ്ടാക്കി യാത്രാപ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് പദ്ധതിക്കു രുപം നല്‍കിയത്. നാലു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ആശയത്തിനാണ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം തിരിച്ചടിയായത്. പുതിയ സര്‍വേ പ്രകാരം നാഗര്‍ ഹോള, വയനാട് വന്യജീവി സങ്കേതങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാണു പാതയ്ക്കു രൂപം നല്‍കിയത്. നാഗര്‍ ഹോള വഴിയുള്ള സര്‍വേയെ കര്‍ണാടക വനംവകുപ്പ് എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് മനന്തവാടി, എച്ച്ഡി കോട്ട, മൈസൂരു വഴിയുള്ള പാതയ്ക്ക് ബദലായി മാനന്തവാടി, കുട്ട, കാന്നുര്‍, ബെലോലെ വഴി പെരിയപട്ടണത്ത് എത്തിച്ച് മൈസുരില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പെരിയപട്ടണം വഴിയാണ് കുശാല്‍നഗര്‍-മൈസൂര്‍ പാത കടന്നുപോവുന്നത്. തലശ്ശേരിയില്‍ നിന്ന് വരുന്ന പാത പെരിയപട്ടണത്ത് മൈസുര്‍ റെയില്‍പാതയുമായി ബന്ധിപ്പിക്കും. വയനാട്ടിലെ അപ്പപ്പാറ, തൃശിലേരി, വരയാല്‍, വെള്ളിയോട് വഴി കണ്ണുരിലെ ചെറുവാഞ്ചേരി, കുത്തുപറമ്പ്, കതിരൂര്‍ വഴി തലശ്ശേരിയിലെത്തുന്ന പാതയ്ക്കു 206 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കണക്കാക്കുന്നത്. 2014ല്‍ തലശ്ശേരി-മൈസൂര്‍ പാതയുടെ രൂപരേഖ റെയില്‍വേ തയ്യാറാക്കിയിരുന്നെങ്കിലും വനമേഖലയിലൂടെ കടന്നുപോവുന്നതായതിനാല്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു. തലശ്ശേരി, കണ്ണൂര്‍, പാനൂര്‍, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് നുറുകണക്കിന് പേരാണ് ദിനംപ്രതി മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യന്നത്. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് നിരവധി ടൂറിസ്റ്റ് ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയാണ് യാത്രാപ്രശ്‌നം പരിഹരിക്കുന്നത്. മംഗാലപുരം, പാലക്കാട് വഴി ട്രെയിന്‍ സര്‍വീസ് ഉണ്ടായെങ്കിലും സമയത്തിന്റെ കാര്യത്തില്‍ 5 മണിക്കൂറോളം തലശ്ശേരി-മൈസൂര്‍ പാത വന്നാല്‍ സമയം ലാഭിക്കാം. ഇപ്പോള്‍ തലശ്ശേരിയില്‍ നിന്ന് മൈസൂരിലേക്ക് 6 മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്യണം. എന്നാല്‍ റെയില്‍പാത യാഥാര്‍ഥ്യമായാല്‍ 3 മണിക്കുര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ റെയില്‍ പദ്ധതി.
Next Story

RELATED STORIES

Share it