wayanad local

തലശ്ശേരി- മൈസൂരു റെയില്‍വേ പാതയ്ക്ക് കൂടുതല്‍ പരിഗണന : സര്‍ക്കാര്‍ നടപടിക്കെതിരേ വയനാട് വികസന സമിതി



കല്‍പ്പറ്റ: 2016 കേന്ദ്ര റെയില്‍വേ ബഡ്ജറ്റില്‍ അനുമതി ലഭിച്ച നിലമ്പൂര്‍ -സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിയെ മറികടന്ന്, കേന്ദ്ര അനുമതി ഇത് വരെ ലഭിക്കാത്ത തലശ്ശേരി-മൈസൂര്‍ റെയില്‍വേ പാതക്ക് ഒന്നാമത്തെ പരിഗണന കൊടുത്തും, നിലമ്പൂര്‍ -നഞ്ചന്‍കോട് പാതക്ക് പ്രഖ്യാപിച്ച 2 കോടി രൂപ ഡി എം ആര്‍ സിക്ക് നല്‍കാതെയും, ഈ പദ്ധതിയെ അട്ടിമറിക്കാനുള്ള കേരള സര്‍ക്കാറിന്റെ നീക്കത്തെ, വയനാട് വികസന സമിതി അപലപിച്ചു.  വനത്തിലൂടെ കടന്നു പോകുന്ന തലശ്ശേരി -മൈസൂര്‍ പാതക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും, അതേ സമയം വനം വകുപ്പിന്റെ തടസ്സം ഉണ്ടാകും എന്ന് പറഞ്ഞ് നിലമ്പൂര്‍ -നഞ്ചന്‍കോട് പദ്ധതിക്ക് തടയിടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. റെയില്‍വേ ആക്റ്റ് പ്രകാരം വനത്തിലൂടെ റെയില്‍വേ പാത നിര്‍മിക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ട്. തുരങ്കപാത നിര്‍മ്മിച്ച് വനനശീകരണം ഇല്ലാതെ പാത നിര്‍മ്മിക്കാം എന്ന് ഡി എം ആര്‍ സി റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. കേരളത്തില്‍ വാളയാര്‍ വനത്തിലൂടെയും, ഇന്ത്യയിലെ തന്നെ ഗീര്‍, കാസീരംഗ വന്യമൃഗ സങ്കേതങ്ങളില്‍ കൂടിയും റെയില്‍വേ ലൈന്‍ കടന്നു പോകുന്നുണ്ട്. കൊച്ചിയില്‍ നിന്നും ബംഗളുരു, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് 120 കിലോമീറ്ററും മൈസൂരേക്ക് 415 കിലോമീറ്ററും ദൂരം കുറക്കുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ പ്രാധാന്യം സര്‍ക്കാര്‍ മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ മൊത്തം റെയില്‍വേ വികസനത്തിനും, മലപ്പുറം, വയനാട് ജില്ലകളുടെ വികസനത്തിനും ഉതകുന്ന നിലമ്പൂര്‍- സുല്‍ത്താന്‍ ബത്തേരി-നഞ്ചന്‍കോട് പാതയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ തന്നെ എതിര് നില്‍ക്കുന്നത് ഖേദകരമാണ്. ഇത്— വയനാട്, മലപ്പുറം ജില്ലകളോട് കാണിക്കുന്ന കടുത്ത അനീതിയാണ്. ഇന്ന് നടക്കുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യപിക്കുന്നതായും പ്രസിഡന്റ്് സാലിറാട്ടിക്കൊല്ലിയും ജനറല്‍ സെക്രട്ടറി പി പി ഷൈജലും  അറിയിച്ചു.
Next Story

RELATED STORIES

Share it