kannur local

തലശ്ശേരി-മൈസൂരു റെയില്‍പാത പ്രതീക്ഷയുടെ ട്രാക്കില്‍



കണ്ണൂര്‍:  മലബാറിന്റെ ചിരകാല സ്വപ്‌നമായ തലശ്ശേരി-മൈസൂരു റെയിപാത പദ്ധതി വീണ്ടും പ്രതീക്ഷയുടെ ട്രാക്കില്‍. നാഗര്‍ഹോളെ, വയനാട് വന്യജീവി സങ്കേതങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള പാതയ്ക്ക് കര്‍ണാടകം അനുമതി നല്‍കി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന കേരള-കര്‍ണാടക ചീഫ് സെക്രട്ടറിതല ചര്‍ച്ചയിലാണ് തീരുമാനം. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസി) റെയില്‍വേയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. വനമേഖലയിലൂടെയുള്ള പാതയായതിനാല്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് വിശദമായ പദ്ധതി റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതല. ഡിസംബര്‍ അവസാനത്തോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കൈമാറും. നാഗര്‍ഹോളെ വഴിയുള്ള സര്‍വേയെ കര്‍ണാടക വനംവകുപ്പ് ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് മാനന്തവാടി, എച്ച്ഡി കോട്ട, മൈസൂരു വഴിയുള്ള പാതയ്ക്ക് ബദലായി മാനന്തവാടി, കുട്ട, കാന്നൂര്‍, ബെലേലെ വഴി പെരിയപട്ടണത്ത് എത്തുന്ന പാതയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. പെരിയപട്ടണം വഴിയാണ് നിര്‍ദിഷ്ട കുശാല്‍നഗര്‍ മൈസൂരു റെയില്‍പാത കടന്നുപോവുന്നത്. തലശ്ശേരിയില്‍നിന്ന് വരുന്ന പാത പെരിയപട്ടണത്ത് മൈസൂരു റെയില്‍പാതയുമായി ബന്ധിപ്പിക്കും. വയനാട്ടിലെ അപ്പപ്പാറ, തൃശിലേരി, വരയാല്‍, വെള്ളിയോട് വഴി കണ്ണൂരിലെ ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂര്‍ വഴി തലശ്ശേരിയില്‍ എത്തുന്ന പാതയ്ക്ക് 206 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാവും.  തലശ്ശേരിയില്‍നിന്ന് മൈസൂരിലേക്ക് റെയില്‍ പാളം നീളുന്നത് മലയാളികള്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് നൂറു കൊല്ലത്തിലേറെയായി. ബേപ്പൂരില്‍നിന്ന് മംഗലാപുരത്തേക്കുള്ള പാളംപണി തുടങ്ങിയ 1900 മുതല്‍ നെയ്തുതുടങ്ങിയതാണ് ഈ സ്വപ്‌നം. റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി, പാര്‍ലമെന്റില്‍ ഈ പദ്ധതി സംബന്ധിച്ച് ചര്‍ച്ചതുടങ്ങിവച്ചിട്ട് വര്‍ഷം 60 കഴിഞ്ഞു. 2013-—2014ല്‍ തലശ്ശേരി-മൈസൂരു പാതയുടെ രൂപരേഖ റെയില്‍വേ തയാറാക്കിയിരുന്നെങ്കിലും വനമേഖലയിലൂടെ കടന്നുപോവുന്നതായതിനാല്‍ നടപടികള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍, പരമാവധി വനമേഖല ഒഴിവാക്കി രൂപരേഖ തയ്യാറാക്കുന്നതിനായി വീണ്ടും സാധ്യതാപഠനം നടത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. നേരത്തേയുള്ള പദ്ധതി റിപോര്‍ട്ടിനേക്കാള്‍ പുതിയ പാതാനിര്‍ദേശത്തില്‍ ദൂരം ഗണ്യമായി കുറയും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് എളുപ്പവഴിയായിരിക്കും ഈ റെയില്‍പാത.
Next Story

RELATED STORIES

Share it