kannur local

തലശ്ശേരി മീന്‍മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥരും വില്‍പനക്കാരും തമ്മില്‍ വാക്കേറ്റം



തലശ്ശേരി: ബദല്‍ സംവിധാനമൊരുക്കാതെ നഗരസഭ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുകയും പരിശോധന നടത്തുകയും ചെയ്തിനെച്ചൊല്ലി ഉദ്യോഗസ്ഥരും വില്‍പനക്കാരും തമ്മില്‍ വാക്കേറ്റം. മീന്‍ മാര്‍ക്കറ്റില്‍ പരിശോധനയ്‌ക്കെത്തിയ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും മല്‍സ്യ വില്‍പനക്കാരും തമ്മിലാണ്  കടുത്ത വാക്കേറ്റമുണ്ടായത്. ഇന്നലെ രാവിലെയാണ് സംഭവം. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ മീന്‍ മാര്‍ക്കറ്റില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കൊപ്പമെത്തി. പ്ലാസ്റ്റിക്ക് കാരി ബാഗുകളില്‍ മീന്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്ലാസ്റ്റിക്കില്‍ വില്‍പന നടത്തുന്നത് എതിര്‍ത്തതോടെ വ്യാപാരികള്‍ രംഗത്തെത്തി. ഒടുവില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും പരിശോധന നിര്‍ത്തിവയ്ക്കുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ പോലിസ് സഹായത്തോടെ പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുക്കാനാണു നഗരസഭയുടെ തീരുമാനം. പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ അലംഭാവം കാണിക്കുന്നതായാണു വ്യാപാരികളുടെ പ്രതിഷേധത്തിനു കാരണം. മുന്‍ കാലങ്ങളില്‍ തെങ്ങോല ഉപയോഗിച്ച് മെടയുന്ന ചെറിയ കൊട്ടകളിലാണ് മീന്‍ നല്‍കിയിരുന്നത്. ബട്ടര്‍ പേപ്പറുകളില്‍ പൊതിഞ്ഞ് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തണമെന്നാണ് ആരോഗ്യവിഭാഗം നിര്‍ദേശിച്ചതെങ്കിലും ഒരു കിലോയില്‍ കൂടുതല്‍ വരുന്നവ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞുനല്‍കുക അപ്രായോഗികമാണെന്നാണ് വില്‍പനക്കാരും ഉപഭോക്താക്കളും പറയുന്നത്. തെങ്ങോലയില്‍ മെടയുന്ന ചെറിയ കൊട്ടകള്‍ മാര്‍ക്കറ്റില്‍ വില്‍പനക്ക് എത്തിക്കുന്ന പക്ഷം വിഷയം പരിഹാരിക്കാനാവും. എന്നാല്‍ അത്തരത്തിലുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.
Next Story

RELATED STORIES

Share it