kannur local

തലശ്ശേരി, മാടായി തീരങ്ങളില്‍ കടലേറ്റം; 500ല്‍ അധികം കുടുംബങ്ങള്‍ ഭീഷണിയില്‍

തലശ്ശേരി: ഇന്നലെ രാവിലെയുണ്ടായ ശക്തമായ കടലേറ്റത്തില്‍ തലശ്ശേരി മേഖലയിലെ തീരപ്രദേശങ്ങള്‍ ഭീഷണിയില്‍. പെട്ടിപ്പാലം പ്രദേശത്ത് ഇരുപതോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. തലായി, ഗോപാലപേട്ട, തലശ്ശേരി, പാലിശ്ശേരി കടവത്ത് കോളനികളിലാണ് അപകടഭീഷണിയുള്ളത്. പരിക്കേറ്റ പെട്ടിപ്പലം കോളനിയിലെ സമീര്‍ (28), ഭാര്യ സാജിറ (20), ഷാജി റ(23) എന്നിവര്‍ക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്നും പ്രഥമ  ശുശ്രൂഷ നല്‍കി. ഈ പ്രദേശത്ത് ഇരുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
പെട്ടിപ്പാല കോളനിയിലെ കുഞ്ഞാമിനയുടെ മകളെയും ഒരു മാസം പ്രായമായ കുഞ്ഞിനെയുമാണ് മാറ്റിപാര്‍പ്പിച്ചത്. പെട്ടിപ്പാലത്ത് കരിങ്കല്‍ ഭിത്തിയോട് ചേര്‍ന്ന ഭാഗങ്ങളിലെ വീടുകളാണ് ഭാഗീകമായി തകര്‍ന്നത്. പെട്ടിപ്പാലം പ്ലാറ്റിലെ ഭൂരിഭാഗം ജനറല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്.പല വീടുകളും വെള്ളം കയറിയിട്ടുണ്ട്. രോഷകുലരായ നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കാന്‍ ശ്രമം നടത്തിയിരുന്നു.
തലശ്ശേരി ജനറല്‍ ആശുപത്രി പരിസരത്തെ കുട്ടികളുടെ വാര്‍ഡും അപകടത്തിലാണ്. മൊത്ത മല്‍സ്യ മാര്‍ക്കറ്റ് മുതല്‍ ജനറല്‍ ആശുപത്രി വരെ രണ്ടു മീറ്ററോളം കരഭാഗം കടലെടുത്തിട്ടുണ്ട്.
ജനറല്‍ ആശുപത്രിയുടെ മതില്‍ ഏതു നിമിഷവും തകരുമെന്ന അവസ്ഥയിലാണ്. മതില്‍ തകര്‍ന്നാല്‍ ആശുപത്രിയുടെ കെട്ടിടത്തിന്റെ ചുമര്‍ഭിത്തിയും അപകടത്തിലാകും.  തിരമാലകള്‍ ആശുപത്രി കെട്ടിടത്തിന്റെ ചുമര്‍ഭിത്തിയിലാണ് പതിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തില്‍ തലശ്ശേരി മൊത്തമല്‍സ്യ മാര്‍ക്കറ്റിന്റെ ഭിത്തി ഇടിഞ്ഞിരുന്നു. ഇവിടത്തെ ട്രാന്‍സ്‌ഫോമര്‍ മാറ്റിയെങ്കിലും പോസ്റ്റ് മാറ്റാത്തതിനാല്‍ എതു സമയവും ഇതു നിലംപതിക്കും.
മാര്‍ക്കറ്റിലെ അപകടാവസ്ഥയില്‍ മല്‍സ്യതൊഴിലാളികള്‍ രോഷകുലരാണ്. സംഭവം അറിഞ്ഞ് തലശ്ശേരി എഎസ്പി ചൈത്ര തേരേസാ ജോണ്‍ ഉള്‍പെടെയുള്ളവര്‍ കടപ്പുറം സന്ദര്‍ശിച്ചു. പെട്ടിപ്പാലത്ത് ന്യൂമാഹി എസ്‌ഐ, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പഴയങ്ങാടി: ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയുണ്ടായ കടല്‍ക്ഷോഭത്തില്‍ മാടായിക്കു സമീപത്തെ നീരൊഴുക്കുംചാല്‍ തീരപ്രദേശത്തത് വന്‍ നാശനഷ്ടം. 50ഓളം വീടുകളും മൂന്നു ഹോട്ടലുകളും ബസ് കാത്തിരിപ്പു കേന്ദ്രവും വെള്ളം കയറി നശിച്ചു. നിരവധി കിണറുകളും വെള്ളത്തിനടിയിലായി. വലിയ ഉയരത്തില്‍ തിരമാലകള്‍ ചെളിയും മണലുമായി സമീപപ്രദേശങ്ങളിലെ വീടുകളിലേക്ക് ആഞ്ഞടിച്ചു കയറുകയായിരുന്നു.
നീരൊഴുക്കുംചാലിലെ വീടുകളിലാണ് നാശംവിതച്ചത്. മൂന്നു ഹോട്ടലുകളും തിരമാലകള്‍ കയറി നശിച്ചു. തീരപ്രദേശത്തോട് ചേര്‍ന്നു താമസിക്കുന്ന കെ ടി സുബൈദ, കെ ടി കുഞ്ഞുഹമ്മദ്, കല്ലേന്‍ പ്രഭ, എം ഫൗസിയ, കെ പി നബീസു, കെ വി അസ്മ, ജോയ് പൈതലന്‍ തുടങ്ങി 50ഓളം പേരുടെ വീടുകളാണ് നശിച്ചത്.
ഡൊമിന്റേത് ഉള്‍പ്പെടെയുള്ള മൂന്നു ഹോട്ടലുകളിലാണ് തിരമാല കയറിയത്. ഇതോടെ പ്രദേശത്തെ മറ്റു വീടുകളും കടലെടുപ്പ് ഭീഷണിയിലായി. കക്കാടന്‍ചാല്‍ ഭാഗത്ത് കടല്‍ ഭിത്തിയില്ലാത്തതാണ് കടല്‍ക്ഷോഭം കൂടുതല്‍ രൂക്ഷമായി അനുഭവപ്പെടാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it