kannur local

തലശ്ശേരി പൈതൃക ടൂറിസം പദ്ധതി: ആദ്യഘട്ട പ്രവൃത്തിക്കു തുടക്കം

തലശ്ശേരി: ഓരോ പ്രദേശത്തെയും ടൂറിസം പദ്ധതികളില്‍ നിന്നുള്ള വരുമാനം ആ പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുതകുന്ന രീതിയിലാണ് വിനോദസഞ്ചാര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. വലിയ റസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും മാത്രമല്ല, നാട്ടിലെ സാധാരണക്കാര്‍ക്ക് കൂടി ഇവയുടെ ഗുണഫലങ്ങള്‍ ലഭിക്കത്ത രീതിയിലുള്ള പദ്ധതികള്‍ വിനോദസഞ്ചാരമേഖലയില്‍ നടപ്പാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വടക്കന്‍ കേരളത്തിന് 600 കോടിയുടെ ടൂറിസം പദ്ധതികള്‍ക്കാണ് വകുപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ടൂറിസം മേഖലയില്‍ ഇത്രയേറെ പദ്ധതികള്‍ വടക്കന്‍ കേരളത്തിന് ലഭിക്കുന്നത്. വിനോദസഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഏഷ്യയിലെ മൂന്നാമത്തെ ടൂറിസ്റ്റ് കേന്ദ്രമായി ഉത്തരകേരളത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് ലോണ്‍ലി പ്ലാനെറ്റ് എന്ന ആഗോള യാത്രാ പ്രസിദ്ധീകരണം. മലബാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഊന്നലാണ് നേട്ടം കൈവരിക്കാന്‍ വഴിയൊരുക്കിയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ വടക്കന്‍ കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നദികളെ ബന്ധപ്പെടുത്തി സര്‍ക്കാര്‍ നടപ്പാക്കുന്ന 300 കോടിയുടെ മലബാര്‍ ക്രൂയിസം ടൂറിസം പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മിക്കാന്‍ 15 കോടി രൂപ അനുവദിച്ചത് ഇതിന്റെ ഭാഗമായാണ്. വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പൈതൃക ശേഷിപ്പുകളെ കോര്‍ത്തിണക്കിയുള്ള പദ്ധതിയായി തലശ്ശേരി ടൂറിസം പദ്ധതിയെ വ്യാപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പ് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്ന പഴയ മൊയ്തു പാലം സംരക്ഷിച്ച് നവീകരിച്ച് പൊതു ഉദ്യാനമായി വികസിപ്പിക്കല്‍, പഴയ ഫയര്‍ ടാങ്ക് സംരക്ഷണവും താഴെ അങ്ങാടി പൈതൃക വീഥിയായി വികസിപ്പിക്കലും, ഗുണ്ടര്‍ട്ട് ബംഗ്ലാവ് സംരക്ഷിച്ച് ഭാഷാ പഠന കേന്ദ്രമായി വികസിപ്പിക്കല്‍, തലശ്ശേരി പിയര്‍ സംരക്ഷിച്ച് ഭക്ഷ്യ വീഥി ശില്‍പ്പോദ്യാനമായി വികസിപ്പിക്കല്‍ എന്നിങ്ങനെ 6.27 കോടി രൂപയുടെ നാല് പ്രവൃത്തികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, തലശ്ശേരി സബ് കലക്ടര്‍ ചന്ദ്രശേഖര്‍, ഫാ. ജോയ് അലക്‌സ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി സരോജം, വി കെ രാഗേഷ്, എ കെ രമ്യ, എ വി ചന്ദ്രദാസന്‍, നഗരസഭാ കൗണ്‍സിലര്‍ മാജിദ് അശ്ഫാഖ്, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ ഡി ഗിരീഷ്‌കുമാര്‍, സ്‌പെഷ്യല്‍ ഓഫിസര്‍ പി മുരളീധരന്‍ സംസാരിച്ചു. ടൂറിസം വകുപ്പ് നടത്തിയ ചിത്രരചനാ മല്‍സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ഫിദല്‍ ടി, അഖില പി, അവന്തിക എന്നിവര്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ബംഗാള്‍ ശാന്തിനികേതനിലെ തരുണ്‍ദാസ് ബാവുളും സംഘത്തിന്റെ ബാവുള്‍ സംഗീതവും സ്റ്റിനിഷ് ഇഗ്‌നോയും സംഘത്തിന്റെ വയലിന്‍ ഫ്യൂഷനും അരങ്ങേറി.
Next Story

RELATED STORIES

Share it