kannur local

തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ല

തലശ്ശേരി: പുതിയ ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ല. കഴിഞ്ഞ ദിവസം രാത്രി സ്റ്റാന്റിന്റെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. സ്റ്റാന്റിലെ ലോട്ടറി കച്ചവടക്കാരന്‍ സാദിഖ് (40), പീടികത്തൊഴിലാളി സമീര്‍ (38) എന്നിവര്‍ക്കാണു പരിക്ക്. പോലിസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ഈ സമയം കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഇതിനാലാണ് ദുരന്തമൊഴിവായത്. പഴയ കെട്ടിടത്തിന്റെ അപകടാവസ്ഥ നേരത്തെ തന്നെ യാത്രക്കാരും സ്റ്റാന്റിലെ കച്ചവടക്കാരും നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ ഗൗനിച്ചില്ല. ബസ്സ്റ്റാന്റ് കെട്ടിടം ഒറ്റനിലയില്‍ പണിയാനായിരുന്നു പ്ലാനില്‍ ഉണ്ടായിരുന്നത്.
ഇതില്‍ പാസഞ്ചേഴ്‌സ് ലോബിയും സിറ്റിങ് വേയും ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് രണ്ടുനിലകള്‍ കൂട്ടിയെടുത്തു. 2010ല്‍ തന്നെ ഗ്രൗണ്ട് ഫ്‌ളോറിന്റെ സീലിങ് അടര്‍ന്നുവീഴാന്‍ തുടങ്ങിയിരുന്നു. പ്രാഥമിക പഠനം നടത്തിയ എന്‍ജിനീയറിങ് വിഭാഗത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി എല്‍ബിഎസ് ടെക്‌നിക്കല്‍ വിഭാഗം വിശദമായ പഠനം നടത്തി.
കെട്ടിടം ബലക്ഷയത്തിലേക്ക് നീങ്ങുകയാണെന്നാണ് ഇവര്‍ സമര്‍പിച്ച റിപോര്‍ട്ട്. എന്‍ജിനീയറിങ് വിഭാഗം റിപോര്‍ട്ട് നഗരസഭയ്ക്ക് കൈമാറിയെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. പകരം പാസഞ്ചേഴ്‌സ് ലോബിക്ക് സമീപം ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും നേരത്തെ സീലിങ് അടര്‍ന്നുവീണ ഭാഗങ്ങള്‍ പ്ലാസ്റ്റര്‍ ചെയ്ത് ചായംപൂശി മോടി പിടിപ്പിക്കുകയും തറയില്‍ ടൈലുകള്‍ പാകുകയും ചെയ്തു. എന്നാല്‍, കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള ഒരു ശാസ്ത്രീയ പ്രവൃത്തികളും നടത്തിയിട്ടില്ല.
Next Story

RELATED STORIES

Share it