kannur local

തലശ്ശേരി നഗരസഭാ പിഎഫ് പ്രശ്‌നം: സിഐടിയു നേതാവിന് സസ്‌പെന്‍ഷന്‍

തലശ്ശേരി: നഗരസഭാ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടി(പിഎഫ്)ലെ ഒന്നര കോടി രൂപ അടച്ചില്ലെന്ന ആരോപണം വിവാദമായതിനെ തുടര്‍ന്ന് കേരള മുനിസപ്പല്‍ തൊഴിലാളി യൂനിയന്‍(സിഐടിയു) യൂനിറ്റ് സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. നഗരസഭയിലെ ക്ലാര്‍ക്കായിരുന്ന വി ലതീഷിനെയാണ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രശ്‌നമുന്നയിച്ച പ്രതിപക്ഷ നേതാവ് പി പി സാജിത, ഒന്നര കോടിയുടെ പലിശയിനത്തില്‍ നല്‍കേണ്ട 13 ലക്ഷം രൂപ നഗരസഭയ്ക്ക് ബാധ്യതയാവരുതെന്നും ഉത്തരവാദിത്തപ്പെട്ട ജീവനക്കാരനില്‍നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരന് ഒരു പരിഗണനയും നല്‍കിയില്ലെന്നും ഇയാളെ സഹായിച്ചതായി സംശയിക്കുന്ന സൂപ്രണ്ടിനോടും ക്ലാര്‍ക്കിനോടും വിശദീകരണം തേടി നോട്ടീസ് നല്‍കിയതായും ചെയര്‍മാന്‍ അറിയിച്ചു. ഇനി തെളിവെടുപ്പ് നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. അതിനായി ഒരു കമ്മിറ്റി രൂപീകരിക്കും. എന്നാല്‍ പിഎഫ് തുകയുടെ ചെക്ക് നല്‍കിയിട്ടും എന്തുകൊണ്ടാണ് ജീവനക്കാരന്‍ ഫണ്ടില്‍ അടക്കാതിരുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ചെയര്‍മാന്‍ നല്‍കിയില്ല. കൊളശ്ശേരിയില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നിര്‍മിച്ച പ്രീമെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം കഴിഞ്ഞ് കാടുമൂടി കിടന്നിട്ടും തുറക്കാത്തത് പവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നു ചെയര്‍മാന്‍ കുറ്റപ്പെടുത്തി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ജനപ്രതിനിധികളുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനമായി.
Next Story

RELATED STORIES

Share it