kannur local

തലശ്ശേരി നഗരസഭാ കോര്‍പറേഷനാക്കി ഉയര്‍ത്താനുള്ള നീക്കം അട്ടിമറിച്ചു



തലശ്ശേരി: തലശ്ശേരി നഗരസഭയെ കോര്‍പറേഷനാക്കി ഉയര്‍ത്താന്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നീക്കം രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങള്‍ അവഗണിച്ചെന്ന് ആരോപണം. സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസൃതമായി ലോക ബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും വിവിധ പദ്ധതികള്‍ തലശ്ശേരി നഗരസഭയില്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഡബിള്‍ എന്‍ട്രി അക്കൗണ്ടിങ് സമ്പ്രദായം അന്നുതന്നെ നടപ്പാക്കിയിരുന്നു. നിലവിലുള്ള 52 വാര്‍ഡുകള്‍ക്ക് പുറമെ ധര്‍മടം, എരഞ്ഞോളി, ന്യൂമാഹി എന്നീ മൂന്ന് സിപിഎം ആധിപത്യമുള്ള പഞ്ചായത്തുകളെകൂടി കൂട്ടിച്ചേര്‍ത്താണ് കോര്‍പറേഷനാക്കി ഉയര്‍ത്താനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിരുന്നത്. ന്നാല്‍, ഇങ്ങനെ മൂന്ന് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താലും നിലവില്‍ നഗരസഭയിലുള്ള വാര്‍ഡുകളുടെ വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നതോടെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ അംഗങ്ങളുടെ എണ്ണം 55 കവിയില്ലെന്നായിരുന്നു രാഷ്ട്രീയപ്പാര്‍ട്ടികളുടെ വാദം. നേരത്തേ കെ പി രവീന്ദ്രന്‍ നഗരസഭാ ചെയര്‍മാനായിരുന്ന കാലത്താണു ഇത്തരമൊരു ശ്രമം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. എന്നാല്‍ സംഘടനാരംഗത്ത് പ്രാദേശികതലത്തില്‍ സന്തുലിതാവസ്ഥ നിര്‍ണയിക്കുന്നതില്‍ നഗരസഭയോട് ചേര്‍ന്നുനില്‍ക്കുന്ന സിപിഎം ആധിപത്യമുള്ള പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്കും അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും പാര്‍ട്ടി നല്‍കുന്ന പ്രാമുഖ്യം ഇതുവഴി പരിമിതപ്പെടുമെന്നതിനാലാണ് കോര്‍പറേഷനാക്കി ഉയര്‍ത്താമെന്ന ആശയം അട്ടിമറിക്കപ്പെട്ടതെന്നാണ് സൂചന. ലോകബാങ്കിന്റെ കുടിവെള്ള പദ്ധതി മാത്രമാണ് തലശ്ശേരി നഗരസഭയ്ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ച ശ്രദ്ധേയമായ ഏകപദ്ധതി. എന്നാല്‍ തുക അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. കോര്‍പറേഷന്‍ പരിധികളില്‍ മാത്രം അനുവദിച്ചിട്ടുള്ള ജന്റം കെഎസ്ആര്‍ടിസി ബസ്സുകള്‍ തലശ്ശേരി വഴി സര്‍വീസ് നടത്തുന്നുണ്ട്. തലശ്ശേരി നഗരസഭയെ കോര്‍പറേഷനാക്കി ഉയര്‍ത്തിയിരുന്നെങ്കില്‍ കൂടുതല്‍ ജന്റം ബസ്സുകള്‍ സര്‍വീസ് നടത്തി മേഖലയിലെ യാത്രാക്ലേശം പരിഹരിക്കപ്പെടുമായിരുന്നു. കൂടാതെ, പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്ന് തുക അനുവദിച്ചു നടപ്പാക്കുന്ന അമൃതം പദ്ധതിയും ഇതുവഴി തലശ്ശേരിക്ക് നഷ്ടമായി. തലശ്ശേരി നഗരത്തിന് വികസിക്കണമെങ്കില്‍ സ്വാഭാവികമായും പഴയ ബസ്സ്റ്റാന്റിനും, റെയില്‍വേ സ്റ്റേഷനും അപ്പുറത്തേക്കുള്ള നഗരപരിധിയില്‍പ്പെട്ട സ്ഥലങ്ങളിലേക്കും നഗരം മാറേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആസൂത്രണത്തിലേക്ക് കടക്കാതെ ടൗണിനകത്തു തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി യഥാര്‍ഥത്തില്‍ നഗരത്തെ ചുരുക്കുകയാണു ചെയ്യുന്നത്. കോര്‍പറേഷനായി ഉയര്‍ത്തിയിരുന്നെങ്കില്‍ പാര്‍ക്കിങ് പ്ലാസ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ലഭിക്കുമായിരുന്നു. തലശ്ശേരി നഗരസഭയെ പരിസരത്തുള്ള ആറ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി കോര്‍പറേഷനാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി എല്‍ഡേഴ്‌സ് ഫോറം കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it