kannur local

തലശ്ശേരി നഗരസഭാ ഓഫിസില്‍ സിസിടിവി

തലശ്ശേരി: സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി നഗരസഭാ ഓഫിസില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ജീവനക്കാര്‍ രംഗത്ത്. നഗരസഭാ ചെയര്‍മാന്റെ ഓഫിസ്, പിഎ ഓഫിസ്, ഭക്ഷ്യ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഓഫിസ്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ ഓഫിസ്, റവന്യൂ വകുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റ ഓഫിസ് എന്നിവ ഒഴിവാക്കിയാണ് കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒരു കൗണ്‍സിലറുടെ താല്‍പര്യത്തെ തുടര്‍ന്നാണ് സിസിടിവി സ്ഥാപിക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.
സുപ്രധാന തസ്തികകളുടെ ഓഫിസ് മുറികളില്‍ കാമറകള്‍ സ്ഥാപിക്കാതെയുള്ള നീക്കം ജീവനക്കാരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടി കാണുന്ന വിധത്തിലുള്ള സ്‌ക്രീന്‍ നഗരസഭാ കോംപൗണ്ടിനടുത്ത് സ്ഥാപിക്കാത്തത് സംശയാസ്പദവും ദൂരൂഹവുമാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
നഗരസഭയിലെ പ്രധാന വരുമാന മാര്‍ഗങ്ങളുടെ ചുമതല വഹിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മുറികളില്‍ കാമറ സ്ഥാപിക്കാതെ സാധാരണ ജീവനക്കാര്‍ ജോലി ചെയ്യന്ന സ്ഥലങ്ങള കാമറയുടെ പരിധിയിലാക്കുക വഴി കുറ്റാരോപണങ്ങള്‍ കെട്ടിച്ചമക്കുകയാണു ലക്ഷ്യമെന്നാണ് ഇവരുടെ വാദം. നഗരസഭ ഓഫിസിലെ മുഴുവന്‍ ജീവനക്കാരുടെയും ഭരണ-പ്രതിപക്ഷ ഭേദമന്യേ ചുമതല വഹിക്കുന്നവരുടെയും ഓഫിസുകളും കാമറപരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പൂര്‍ണമായും  അനൂകൂലിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. നഗരസഭ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിസിടിവി സ്ഥാപിക്കുന്നത്.
Next Story

RELATED STORIES

Share it