kannur local

തലശ്ശേരി നഗരം കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക്

തലശ്ശേരി: വേനല്‍ കടുക്കുന്നതിനു മുമ്പേ തലശ്ശേരി നഗരവും പരിസരപ്രദേശങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക്. മിക്ക സ്ഥാപനങ്ങളിലും ശുദ്ധജലമില്ല. കിണര്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വറ്റി. നഗരസഭയ്ക്കു കീഴിലെ ജൂബിലി കോംപ്ലക്‌സിലും പുതിയ ബസ്സ്റ്റാന്റ് സമുച്ചയത്തിലെ ഷോപിങ് കോംപ്ലക്‌സുകളിലും ജലവിതരണം പ്രതിസന്ധിയിലായി. ജൂബിലിയില്‍ രണ്ടു ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും അടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളം, വൈദ്യുതി എന്നിവ കടയുടമ തന്നെ സ്വന്തമായി ഏര്‍പ്പാടാക്കണമെന്നാണ് നഗരസഭയുടെ നിബന്ധന.
ഇതിന്റെ അടിസ്ഥാനത്തില്‍ പിഎച്ച്ഇഡിക്കും ജപ്പാന്‍ കുടിവെള്ള പദ്ധതിക്കും കടയുടമ പ്രത്യേകം തുക നല്‍കിയാണു വെള്ളം ശേഖരിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വന്‍തുക മുടക്കി ശുദ്ധജലം ശേഖരിക്കുക എന്നത് വെല്ലുവിളിയാണ്. ഇതുകാരണം ഇത്തരക്കാര്‍ ശുദ്ധജലം വീടുകളില്‍നിന്ന് കൊണ്ടുവരികയാണു ചെയ്യുന്നത്.
ഇരു കോംപ്ലക്‌സുകളിലെയും ശുചിമുറികളിലും വെള്ളമില്ല. ഇതുമൂലം സ്ത്രീ തൊഴിലാളികളുടെ ദുരിതം ചെറുതല്ല. അഞ്ചുലിറ്റര്‍ വെള്ളത്തിന് 30 രൂപ ഈടാക്കിയാണ് സ്വകാര്യവ്യക്തികള്‍ ആവശ്യക്കാര്‍ക്ക് വെള്ളം എത്തിച്ചുനല്‍കുന്നത്.
ഹോട്ടലുകളിലേക്ക് ടാങ്കര്‍ലോറികള്‍ വഴിയും വെള്ളം നല്‍കുന്നു.  വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന കര്‍ശനമാക്കി. അതിനിടെ, കതിരൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകളില്‍ സ്ഥാപിച്ച ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പുകള്‍ കെഎസ്ടിപി റോഡ് നിര്‍മാണപദ്ധതിയുടെ ഭാഗമായി നീക്കംചെയ്തിരുന്നു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പൈപ്പുകള്‍ രണ്ടാഴ്ചക്കകം പുനസ്ഥാപിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. കോട്ടയം മലബാര്‍ പഞ്ചായത്തില്‍ മാത്രം 43 പൊതുടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ശുദ്ധജലം സൗജന്യമായാണു നല്‍കുക.
Next Story

RELATED STORIES

Share it