kannur local

തലശ്ശേരിയില്‍ വീണ്ടും അക്രമം; വീടും കാറും തകര്‍ത്തു



തലശ്ശേരി: തലശ്ശേരി മേഖലയില്‍ വീണ്ടും അക്രമം. നഗരസഭാ കൗണ്‍സിലറുടെ വീടും ബാങ്ക് മാനേജറുടെ കാറും തകര്‍ത്തു. സിപിഎം തലശ്ശേരി രണ്ടാം ഗേറ്റ് ബ്രാഞ്ച് അംഗവും പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജറുമായ വി സി നിശാന്തിന്റെ കാറാണ് അടിച്ചുതകര്‍ത്തത്. ശനിയാഴ്ച അര്‍ധരാത്രിയാണ് അക്രമം. വീട്ടുമുറ്റത്ത് നിര്‍ത്തിയ കെഎല്‍ 58 ഇ 2648 നമ്പര്‍ കാറാണ് തകര്‍ത്തത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നിശാന്ത് പരാതിപ്പെട്ടു. ഇരുമ്പുവടി കൊണ്ടും ഇഷ്ടിക കഷ്ണം കൊണ്ടും കാര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വീട് സന്ദര്‍ശിച്ചു. തലശ്ശേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മാ ഹാഷിമിന്റെ വീടും ആക്ടീവ സ്‌കൂട്ടറും കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ തലശ്ശേരി പോലിസ് കേസെടുത്തു. ശനിയാഴ്ച രാത്രി 10.45 ഓടെയാണ് നജ്മ ഹാഷിമിന്റെ ചേറ്റംകുന്നിലെ വീടിനു നേരെ ആക്രമണമുണ്ടായത്.വീട്ടിലെ ജനല്‍ചില്ലുകളും സ്‌കൂട്ടറും വടിവാളുകൊണ്ടും മറ്റും അക്രമി സംഘം അടിച്ച് തകര്‍ക്കുകയായിരുന്നു. കണ്ടാലറിയാവുന്ന 8 പേര്‍ക്കെതിരെയാണ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നത്. സംഭവസമയം നജ്മഹാഷിമും ഭര്‍ത്താവും പേരക്കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ, സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറി എം സി പവിത്രന്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍, തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി ഷബീര്‍ വീട് സന്ദര്‍ശിച്ചു. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ദിവസങ്ങളായി വീണ്ടും അക്രമം അരങ്ങേറുന്നതോടെ തലശ്ശേരി മേഖലയില്‍ അശാന്തി പടരുകയാണ്. കഴിഞ്ഞ ദിവസം സിപിഎം കോടിയേരി പുന്നോല്‍താഴെ വയലില്‍ ബ്രാഞ്ച് ഓഫിസിനു നേരെയും മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹനനന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു നേരെയും അക്രമമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it