kannur local

തലശ്ശേരിയില്‍ ഇന്ന് അദാലത്ത്; ലഭിച്ചത് 200 അപേക്ഷകള്‍



തലശ്ശേരി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലാ കലകലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന തലശ്ശേരി താലൂക്കുതല അദാലത്ത് ഇന്നു താലൂക്ക് ഓഫിസില്‍ നടക്കും. വിവിധ ധനസഹായത്തിനായി 200ഓളം അപേക്ഷകളാണ് ലഭിച്ചത്. കലക്ടറുടെ സാന്നിധ്യത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന മുഴുവന്‍ അപേക്ഷകളിലും അദാലത്തില്‍ തന്നെ പരിഹാരം കാണും. അല്ലാത്തവ സര്‍ക്കാറിന്റെ പരിഗണനയ്ക്കും നടപടിക്കുമായി സമര്‍പ്പിക്കും. ലഭിച്ച അപേക്ഷകളില്‍ 60 ശതമാനവും സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ തന്നെ കൂടുതലും റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ജോലിസംബന്ധിച്ചും വീടിനുള്ള ധനസഹായം തേടിയുമുള്ള അപേഷകളാണ് ബാക്കിയുള്ളവ. മുഖ്യമന്ത്രിയുടെ ധനസഹായത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുകയും വേഗത്തില്‍ തന്നെ നടപടികള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കുന്നില്ല. അദാലത്തിലേക്ക് ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഇന്നു പുതിയ അപേക്ഷകള്‍ നല്‍കാം. ഇതിനായി പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദാലത്തില്‍ നാല് കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. നേരത്തേ ലഭിച്ച അപേക്ഷകളാണ് ഒന്നാമത്തെ കൗണ്ടറില്‍ കൈകാര്യം ചെയ്യുന്നത്. രണ്ടാമത്തെ കൗണ്ടറില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. മൂന്നാമത്തെ കൗണ്ടറില്‍ രജിസ്‌ട്രേഷനും മറ്റു നടപടികളുമായിരിക്കും നടക്കുക. മിനിസിവില്‍ സ്‌റ്റേഷനിലെ കോണ്‍ഫ്രന്‍സ് ഹാളാണ് നാലാമത്തെ കൗണ്ടറായി പ്രവര്‍ത്തിക്കുക. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇവിടെയുണ്ടാവും. വിവിധ കൗണ്ടറുകളില്‍ കൈക്കൊണ്ട നടപടികളില്‍ തൃപ്തരല്ലാത്ത അപേക്ഷകര്‍ക്ക് കലക്ടറെ നേരിട്ട് കാണാന്‍ സൗകര്യവും നല്‍കും. തലശ്ശേരി താലൂക്കില്‍ ധനസഹായത്തിന് ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസമില്ലാതെ തന്നെ നടപടിയെടുക്കുന്നുണ്ട്. ഇതുകാരണമാണ് അപേക്ഷയില്‍ കുറവ് സംഭവിച്ചത്. ചികില്‍സാ ധനസഹായത്തിനുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രം വഴി നല്‍കിയാല്‍ കാലതാമസമില്ലാതെ നടപടിയുണ്ടാവുന്നുണ്ടെന്ന് തഹസില്‍ദാര്‍ ടി വി രഞ്ജിത്ത് പറഞ്ഞു. ആറുമാസത്തിനകമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വുരമാന സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും മാത്രമേ അപേക്ഷയോടൊപ്പം ആവശ്യമുള്ളു. ഇതേക്കുറിച്ച് ആളുകള്‍ക്ക് അറിയാത്തതാണ് പലരും അപേക്ഷ നല്‍കാതിരിക്കാന്‍ കാരണം. കഴിഞ്ഞ രണ്ടുമാസത്തിനിടെ 375 പേര്‍ക്കായി 9,61,700 രൂപയാണ് മുഖ്യമന്ത്രിയുടെ ചികില്‍സാ സഹായമായി തലശ്ശേരി താലൂക്ക് ഓഫിസ് വഴി നല്‍കിയത്. ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് നിന്നായിരുന്നു.
Next Story

RELATED STORIES

Share it