തലയോട്ടിയില്‍ കമ്പി തുളച്ചുകയറി പരിക്കേറ്റ ബാലന്‍ രക്ഷപ്പെട്ടു

വാഷിങ്ടണ്‍: തലയോട്ടിക്കുള്ളില്‍ കമ്പി തുളച്ചുകയറി ഗുരുതര പരിക്കേറ്റ ബാലന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. യുഎസിലെ ഹാരിസണ്‍ വില്ലയിലുള്ള സേവ്യര്‍ കന്നിങ്ഹാമി(10)നാണ് തന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. ശനിയാഴ്ചയാണു സംഭവം. വീടിനടുത്തുള്ള മരത്തിലെ ഏറുമാടത്തിലിരുന്ന് കളിക്കുന്നതിനിടെ സേവ്യറിനെ കടന്നല്‍വര്‍ഗത്തില്‍പ്പെട്ട പ്രാണികള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. പ്രാണിശല്യം സഹിക്കാനാവാതെ മരത്തില്‍നിന്ന് താഴെയിറങ്ങുന്നതിനിടെ കബാബ് കുത്തിവയ്ക്കുന്ന കമ്പിയിലേക്ക് മുഖമടച്ചു വീണാണു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്.
മൂക്കിനു സമീപം തുളച്ചുകയറിയ കമ്പി തലയുടെ പി ന്‍ഭാഗത്തുകൂടി പുറത്തേക്കു വന്നു. ഉടന്‍ തന്നെ മാതാവ് ഗബ്രിയേല കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയിലൂടെ ഞായറാഴ്ചയാണ് കമ്പി പുറത്തെടുത്തത്. ചതുരത്തിലുള്ള കമ്പിയായതിനാല്‍ ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണമാക്കി.
തുളച്ചുകയറിയ കമ്പി കണ്ണ്, തലച്ചോറ്, പ്രധാന നാഡികള്‍ ഇവയൊന്നും സ്പര്‍ശിച്ചിരുന്നില്ലെന്നും ഭാഗ്യംകൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്കു മടങ്ങാനാവുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it