thiruvananthapuram local

തലയുയര്‍ത്തി നില്‍ക്കാന്‍ രവിശാസ്ത്രിക്ക് വിജയിച്ചേ മതിയാവൂ



തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്നു വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് വേദിയാവുന്ന തിരുവനന്തപുരം മറ്റൊരു അപൂര്‍വ നിമിഷത്തിനു കൂടിയാണ് സാക്ഷിയാവുക. 1988 ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തി ല്‍ വീന്‍ഡീസ് നിരയോടു തോറ്റെങ്കിലും അന്നു ടീമിനെ നയിച്ചതു രവിശാസ്ത്രിയാണ്. ഇന്നു ഇന്ത്യന്‍ ടീം ന്യൂസിലന്റിനെതിരേ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മല്‍സരിക്കാന്‍ ഇറങ്ങുമ്പോഴും രവി ശാസ്ത്രി ഒപ്പമുണ്ട്. ക്യാപ്റ്റനായല്ല, മറിച്ച് വിജയത്തിനു തന്ത്രമൊരുക്കേണ്ട കോച്ചിന്റെ റോളില്‍. 1988ല്‍ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള വിന്‍ഡീസ് പടയോട് തോറ്റതിന്റെ നാണക്കേടില്‍ തലകുനിച്ച് മടങ്ങിയ ഇന്ത്യന്‍ ടീമിനു അതേമണ്ണില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കോച്ചായ രവിശാസ്ത്രിക്ക് ഈ വിജയം അനിവാര്യമാണ്. ഞായറാഴ്ച രാത്രി ടീമിനൊപ്പം തലസ്ഥാനത്തെത്തിയ അദ്ദേഹം ഇന്നലെ രാവിലെ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലും ദര്‍ശനവും നടത്തി. 1984ല്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മല്‍സരമാണ് തിരുവനന്തപുരത്ത് നടന്ന ആദ്യരാജ്യാന്തര ക്രിക്കറ്റ് മല്‍സരം. ഈ മല്‍സരം പൂര്‍ത്തിയാക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175 റണ്‍സ് എടുത്തെങ്കിലും രണ്ടാമത് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 7.4 ഓവറില്‍ 29 റണ്‍സില്‍ നില്‍ക്കെ മല്‍സരം അവസാനിപ്പിച്ചു. ഈ മല്‍സരത്തിലും രവി ശാസ്ത്രി ടീമിലുണ്ടായിരുന്നു. പിന്നീട് 1988ലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏഴാം ഏകദിനമാണ് തിരുവനന്തപുരത്ത് നടന്നത്. ഈ മല്‍സരത്തില്‍ കരുത്തരായ വിന്‍ഡീസ് ടീം ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. കപില്‍ദേവ്, അമര്‍നാഥ്, മുഹമ്മദ് അസ്ഹറുദീന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിന്റെ അന്നത്തെ പ്രകടനം ഓര്‍മയില്‍ സൂക്ഷിച്ചിരിക്കുന്ന നിരവധി ആരാധകര്‍ ഇന്നും തലസ്ഥാനത്തുണ്ട്. ഈ രണ്ടുമല്‍സരങ്ങളിലും രവിശാസ്ത്രിക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നുറണ്‍സും ഓസ്‌ട്രേലിയക്കെതിരേ രണ്ടുറണ്‍സുമാണ് രവിശാസ്ത്രി എടുത്തത്.50,000 കാണികള്‍ക്ക് കളികാണാനുള്ള സൗകര്യമാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകളുടെ 80 ശതമാനവും ഓണ്‍ലൈന്‍ വഴി വിറ്റുപോയിരുന്നു. ശേഷിച്ച ടിക്കറ്റുകള്‍ പുറമെയുള്ള വില്‍പനയുടെ ആദ്യമണിക്കൂറില്‍ തന്നെ വിറ്റുപോയി. ബിസിസിഐയുടെ 50ാമത്തെ സ്റ്റേഡിയമായി ഇടംപിടിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മല്‍സരമാണ് ഇന്നുനടക്കുന്ന ഇന്ത്യ- ന്യൂസിലന്റ് ട്വന്റി20 മാച്ച്.
Next Story

RELATED STORIES

Share it