തലച്ചോറിന് തകരാറുമായി ജനിച്ചത് 2,400 കുട്ടികള്‍; ബ്രസീലില്‍ അടിയന്തരാവസ്ഥ

ബ്രസീലിയ: ബ്രസീലില്‍ തലച്ചോറില്‍ വൈകല്യവുമായി 2400ഓളം കുട്ടികള്‍ ജനിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ. കൊതുക് വഹിക്കുന്ന സിക്ക എന്ന വൈറസാണ് വൈകല്യത്തിനു കാരണമെന്നാണ് ആരോഗ്യവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
70 വര്‍ഷം മുമ്പ് ആഫ്രിക്കയിലെ വെസ്റ്റ് നൈല്‍ കാടുകളിലെ കുരങ്ങുകളിലാണ് സിക്ക രോഗാണുവിനെ ആദ്യമായി കണ്ടെത്തുന്നത്. ചെറിയ അസുഖങ്ങള്‍ക്കാണ് വൈറസ് കാരണമാവുന്നതെങ്കിലും ചിലപ്പോള്‍ ഇത് നാഡീവ്യൂഹങ്ങളിലെ തകരാറിനും ചിലരില്‍ മരണം വരെ സംഭവിക്കുന്നതിനും കാരണമാവാറുണ്ട്.
തലച്ചോര്‍ ചുരുങ്ങിയ അവസ്ഥയില്‍ കുട്ടികള്‍ ജനിക്കുന്ന അപൂര്‍വമായ മൈക്രോസിഫലി എന്ന അസുഖവുമായി ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍നിന്നു സിക്ക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കഴിഞ്ഞ മാസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. കുഞ്ഞ് മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മറ്റു രണ്ട് അമ്മമാരുടെ അമിനിയോട്ടിക് ദ്രവത്തിലും സിക്ക വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ശാസ്ത്ര ഗവേഷണ രംഗത്തുപോലും ഇതൊരു അഭൂതപൂര്‍വമായ അവസ്ഥയാണെന്ന് ബ്രസീലിയന്‍ ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം 2400ലധികം കുഞ്ഞുങ്ങള്‍ക്ക് മൈക്രോസിഫലി ബാധിക്കുകയും 29 കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്ത് അന്വേഷണം നടത്തിവരുകയാണ്. കഴിഞ്ഞ വര്‍ഷം മൈക്രോസിഫലി ബാധിച്ച 147 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
സ്ഥിതി അനിയന്ത്രിതമായിരിക്കുകയാണെന്നും ഈയവസരത്തില്‍ സ്ത്രീകള്‍ ഗര്‍ഭിണികളാവുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും പെര്‍നാംബുക്കോ സംസ്ഥാനത്തെ വിദഗ്ധ ഡോക്ടറായ ആന്‍ജെലാ റോച്ച പറഞ്ഞു. പെര്‍നാംബുക്കോ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ അസുഖബാധിതരുള്ളത്.
നവജാതശിശുക്കള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും അസുഖം തലമുറകളെപ്പോലും ബാധിച്ചേക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ മനുഷ്യരില്‍ ഈ വൈറസ്ബാധ കേട്ടുകേള്‍വിയില്ലായിരുന്നു.
Next Story

RELATED STORIES

Share it