malappuram local

തലചായ്ക്കാനിടമില്ലാതെ 15 കുടുംബങ്ങള്‍ ദുരിതത്തില്‍; എസ്ഡിപിഐ നിവേദനം നല്‍കി

പൊന്നാനി: ഓഖിയില്‍ എല്ലാം തകര്‍ന്ന് ഒമ്പതു മാസം പിന്നിട്ടിട്ടും തലചായ്ക്കാനിടമില്ലാതെ 15 കുടുംബങ്ങള്‍ കനത്ത ദുരിതത്തില്‍. പൊന്നാനി എംഇഎസ് സ്‌കൂളിനടുത്തുള്ള 15 ഓളം കുടുംബങ്ങളാണ് സര്‍ക്കാര്‍ അവഗണനയില്‍ ദുരിതത്തില്‍ കഴിയുന്നത്. നഷ്ടപരിഹാരം ലഭിക്കുമെന്നും പുനരധിവാസം വേഗത്തില്‍ ഉറപ്പാക്കുമെന്നും സ്പീക്കര്‍ അടക്കമുള്ളവര്‍ പറഞ്ഞു എന്നല്ലാതെ ഒന്നും ഉണ്ടായില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വീട് നഷ്ടപ്പെട്ടവരുടെ പ്രതികരണം. ഓഖി ദുരന്തത്തിലാണ് ഇവരുടെ വീടുകള്‍ നഷ്ടമായത്. കഴിഞ്ഞ ഒമ്പതുമാസമായി ഈ മല്‍സ്യത്തൊഴിലാളികള്‍ വാടക വീടുകളില്‍ കഴിയുകയാണ്. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പലരും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍. 15 കുടുംബങ്ങളാണ് സര്‍ക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് വീട് തകര്‍ന്നതിന് നേരത്തേ നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. സ്വന്തമായി ഒരു വീടിനായി നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.
കഴിഞ്ഞ മൂന്നുമാസമായി കടലില്‍ നിന്ന് ആവശ്യത്തിന് മല്‍സ്യവും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഓഖിയില്‍ വീടുകള്‍ തകര്‍ന്നതിന് ശേഷം പലരും ബന്ധുവീടുകളിലാണ് അഭയം തേടിയത്.
സര്‍ക്കാരില്‍നിന്നു ലഭിച്ച തുച്ഛമായ ധനസഹായം ഒന്നിനും തികഞ്ഞില്ലെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. പുനരധിവാസം വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പൊന്നാനി മുനിസിപ്പല്‍ നേതൃത്വം പൊന്നാനി നഗരസഭാ ചെയര്‍മാനും ഫിഷറീസ് വകുപ്പിനും നിവേദനം നല്‍കി. ദുരിത ബാധിതര്‍ക്കൊപ്പം എസ്ഡിപിഐ കൂടെയുണ്ടാവുമെന്ന് മുനിസിപ്പല്‍ കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it