kozhikode local

തലക്കുളത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ; രണ്ടാഴ്ചയ്ക്കകം സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി



കോഴിക്കോട്: തലക്കുളത്തൂര്‍ സിഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉള്‍പ്പെടെയുള്ള പരാതിയില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പിടിഎ പ്രസിഡന്റ് എ ചന്ദ്രഹാസന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ വിധി. സ്‌കൂളില്‍ നിയമാനുസൃതമായ ശുചിമുറികള്‍, കമ്പ്യൂട്ടറുകള്‍, വിവിധ ലാബുകള്‍, ലൈബ്രറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും ഇവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പിടിഎ പ്രസിഡന്റ് കഴിഞ്ഞ അധ്യയന വര്‍ഷം റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഒരു നടപടിയും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് പിടിഎ കോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി അതേ ദിവസംതന്നെ, പി ടി എ പ്രസിഡന്റ് കഴിഞ്ഞ അധ്യയന വര്‍ഷം സമര്‍പ്പിച്ച പരാതിയില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം എന്ന ആവശ്യത്തിനു പുറമെ, പിടിഎ തീരുമാനങ്ങള്‍ അനുസരിക്കാതിരിക്കുകയും യോഗം വിളിച്ചു ചേര്‍ക്കാതിരിക്കുകയും ചെയ്ത പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിക്കണമെന്നും പിടിഎ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും രണ്ടാഴ്ചയ്ക്കകം തീരുമാനം കൈക്കൊള്ളണമെന്നാണ് കോടതി ഉത്തരവിലെ നിര്‍ദ്ദേശം. ഹയര്‍ സെക്കന്ററി വിഭാഗം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. അധ്യാപക രക്ഷാകര്‍തൃ സമിതിക്കെതിരെ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂള്‍ സമയത്ത് പ്രകടനം നടത്തിച്ച അധ്യാപകര്‍ക്കെതിരേയും പരാതി നിലവിലുണ്ട്. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ഒരുപറ്റം രക്ഷിതാക്കള്‍ സമര്‍പ്പിച്ച പരാതികളില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും ഈ മാസം 16-ന് വിധിപറയാനിരിക്കുകയാണ്. ഇതേസമയം പിടിഎ പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ കെ വി ഷാജിയും പീഡിപ്പിക്കുന്നു എന്നുകാണിച്ച് പ്രിന്‍സിപ്പാളും പരാതിയുമായി വനിതാ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മുന്‍കൈയ്യില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it