തര്‍ക്ക ദ്വീപ് സന്ദര്‍ശിക്കുമെന്ന് തായ്‌വാന്‍ പ്രസിഡന്റ്

തായ്‌പേയ്: തെക്കന്‍ ചൈനാ കടലിലെ തര്‍ക്കമേഖലയിലുള്ള ദ്വീപില്‍ സന്ദര്‍ശനത്തിന് തായ്‌വാന്‍ പ്രസിഡന്റ് മാ യിങ്-ജ്യൂ ഒരുങ്ങുന്നു. തായ്പിങ് ദ്വീപിലാവും വ്യാഴാഴ്ച മാ സന്ദര്‍ശനം നടത്തുക. ദ്വീപിനു മേലുള്ള തായ്‌വാന്‍ അവകാശവാദം ഊട്ടിയുറപ്പിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, മേഖലയിലെ പര്യവേക്ഷണം, വിഭവങ്ങള്‍ പങ്കുവയ്ക്കല്‍ എന്നിവയിലുള്ള തര്‍ക്കം പരിഹരിക്കല്‍, മേഖലയില്‍ അവകാശവാദമുന്നയിക്കുന്ന മറ്റു രാജ്യങ്ങളെ ചര്‍ച്ചയ്ക്കു ക്ഷണിക്കല്‍ എന്നിവയാണ് മാ സന്ദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നത്.
ദക്ഷിണ ചൈനാകടലിലെ സ്പ്രാറ്റ്‌ലി ദ്വീപ്‌സമൂഹത്തില്‍ ഉള്‍പ്പെടുന്ന തായ്പിങ്, ഇറ്റു അബാ എന്നീ പേരുകളിലറിയപ്പെടുന്ന ദ്വീപില്‍ ചൈനയ്ക്കും അവകാശവാദമുണ്ട്. തെക്കന്‍ ചൈനാകടലിലെ സ്പ്രാറ്റ്‌ലി ഉള്‍പ്പെടെയുള്ള മിക്ക ദ്വീപുകളും തങ്ങളുടേതാണെന്നാണ് ചൈനീസ് വാദം.സ്പ്രാറ്റ്‌ലി അടക്കമുള്ള ദ്വീപുകള്‍, ചുറ്റുമുള്ള സമുദ്രമേഖല എന്നിവിടങ്ങളില്‍ തായ്‌വാന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, മലേസ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
എന്നാല്‍, തായ്പിങ് ഒരു പാറക്കെട്ട് മാത്രമാണെന്നും വാസയോഗ്യമല്ലാത്ത ഈ ദ്വീപിന്റെ അവകാശം 12 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള രാജ്യങ്ങള്‍ക്കാണെന്നും കഴിഞ്ഞ നവംബറില്‍ ഫിലിപ്പീന്‍സ് അധികൃതര്‍ അറിയിച്ചിരുന്നു. തായ്പിങ് ദ്വീപുകള്‍ തായ്‌ലന്‍ഡിന്റെ അവിഭാജ്യഘടകമാണെന്നു തായ് പ്രസിഡന്റിന്റെ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചു. മാ യുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് ചൈനീസ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it