തര്‍ക്കമൊഴിവാക്കാന്‍ മുസ്‌ലിംലീഗിന് ജംബോ കമ്മിറ്റി

ആബിദ്

കോഴിക്കോട്: വിഭാഗീയതയില്‍ നിന്ന് രക്ഷപ്പെടാനും തര്‍ക്കമൊഴിവാക്കാനുമായി അടവുനയവുമായി മുസ്‌ലിംലീഗ്. ഇരട്ടപ്പദവി പാടില്ലെന്ന മുന്‍ തീരുമാനത്തില്‍ മാറ്റംവരുത്തിയും ഭാരവാഹികളുടെ എണ്ണം ഭീമമായി വര്‍ധിപ്പിച്ച് ജംബോ കമ്മിറ്റിയെ പ്രഖ്യാപിച്ചുമാണ് ലീഗ് സംസ്ഥാന കമ്മിറ്റി തര്‍ക്കങ്ങളില്‍ നിന്നു താല്‍ക്കാലികമായി രക്ഷപ്പെട്ടത്. 18 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഭാരവാഹികളുടെ എണ്ണം ഒറ്റയടിക്കാണ് 27 ആക്കിയത്. സെക്രട്ടേറിയറ്റില്‍ 11 മുതല്‍ 15 വരെ അംഗങ്ങളേ ഉണ്ടാവാറുള്ളൂ. എന്നാല്‍, ലീഗിന്റെ പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം 63 ആണ്. ലീഗിന്റെ ചരിത്രത്തി—ലെ എറ്റവും വലിയ സെക്രട്ടേറിയറ്റാണിത്. ദലിതര്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിയെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് സെക്രട്ടേറിയറ്റില്‍ വനിതകള്‍ക്കും ദലിതര്‍ക്കും അവസരം നല്‍കുന്നത്. ഡോ. എം കെ മുനീര്‍ എംഎല്‍എ 27 അംഗ ഭാരവാഹികളിലില്ല. പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ നിയമസഭാ അംഗങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തിയിട്ടും ഡോ. എം കെ മുനീറിനു പ്രധാന ഭാരവാഹിത്വം നല്‍കാത്തതില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ദേശീയ ഖജാഞ്ചിയായതിനാല്‍ പി വി അബ്ദുല്‍ വഹാബും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായതിനാല്‍ യു എ ലത്തീഫും പുതിയ കമ്മിറ്റിയിലില്ല. ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്താണ് സെക്രട്ടേറിയറ്റില്‍ നിയമസഭാ അംഗങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തിയത്. പാറക്കല്‍ അബ്ദുല്ലയ്ക്ക് കോഴിക്കോട് ജില്ലാ ഖജാഞ്ചി പദവി നല്‍കിയതിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനും ഇതിലൂടെ കഴിഞ്ഞു. പുതുതായി വന്ന സംസ്ഥാന കൗണ്‍സിലില്‍ 467 അംഗങ്ങളാണുള്ളത്.
Next Story

RELATED STORIES

Share it