'തര്‍ക്കമുള്ള പള്ളികള്‍ സന്ദര്‍ശിച്ച് ഭിന്നത വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല'

കൊച്ചി: ഇരുവിഭാഗങ്ങളുടെയും അഭിമാനവും അന്തസ്സും നിലനിര്‍ത്തി കേരള സഭയിലെ ഐക്യം സംരക്ഷിക്കാനാണ് തന്റെ പരിശ്രമമെന്നും തര്‍ക്കമുള്ള പള്ളികള്‍ സന്ദര്‍ശിച്ച് ഭിന്നത വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ സഭാ തര്‍ക്കം പരിഹരിക്കേണ്ടത് ഇവിടത്തെ നേതൃത്വമാണ്. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. വരുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അവരെത്തിയില്ല.  സുപ്രിംകോടതി വിധിയെ തുടര്‍ന്ന് സഭാ ജനങ്ങള്‍ക്കുണ്ടായ യാതനകള്‍ക്കും ദുഃഖത്തിനും ആശ്വാസം പകരാനാണ് ഇപ്പോഴത്തെ സന്ദര്‍ശനം. സഭാ തര്‍ക്കങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ നേരിട്ട് ഇടപെടുവിപ്പിക്കില്ല.
മലബാര്‍ ഭദ്രാസനത്തിലെ പോെല ഇവിടെയും ഇരുവിഭാഗവും ഒരുമിച്ച് ആരാധന നടത്തുന്ന രീതി അനുവര്‍ത്തിക്കണമെന്ന് ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അതിനു വേണ്ടി മുന്‍കൈയെടുക്കാന്‍ തങ്ങള്‍ ഒരുക്കമാണ്. ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപോലീത്ത, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപോലീത്ത, മാത്യൂസ് മാര്‍ തിമോത്തിയോസ്, തമ്പു ജോര്‍ജ് തുകലന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it