ernakulam local

തര്‍ക്കഭൂമിയില്‍ ടൈല്‍ വിരിച്ചു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ആലങ്ങാട്: കരുമാലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലിയില്‍ പുറമ്പോക്ക് ഭൂമി സംബന്ധിച്ച് വ്യാകുലമാതാ പള്ളി അധികൃതരും പ്രദേശവാസികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നസ്ഥലത്ത് പള്ളി അധികൃതര്‍ അനധികൃതമായി ടൈല്‍സ് വിരിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കാലങ്ങളായി സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രദേശവാസികള്‍ സമരം നടത്തുന്ന വഴിയിലാണ് അനധികൃതമായി ടൈല്‍ വിരിച്ചത്. 64സെന്റ് സര്‍ക്കാര്‍ഭൂമി വഴി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെ വ്യാകുലമാതാ പള്ളിക്ക് പതിച്ച് നല്‍കിയിരുന്നു. അന്ന് പഞ്ചായത്തിന്റെ വിയോജനത്തോടെയാണ് ഭൂമി പതിച്ചുനല്‍കിയതെന്ന ആക്ഷേപം നിലനില്‍ക്കുന്നുമുണ്ട്. ഇതിനോട് ചേര്‍ന്ന് പ്രദേശവാസികള്‍ക്ക് മറ്റൊരു വഴി രേഖകള്‍ പ്രകാരം നിലവിലുണ്ട്. ഈ വഴിയുംകൂടി തങ്ങളുടേതാണെന്ന നിലപാടിലാണ് പള്ളി അധികൃതര്‍. ഇതിനു മുന്നില്‍ ആര്‍ച്ചും പള്ളിവക സ്ഥലമാണെന്ന ബോര്‍ഡും പള്ളി അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന ഈ വഴിയില്‍ ഗെയ്റ്റ് സ്ഥാപിക്കാന്‍ പള്ളി അധികൃതര്‍ മുതിര്‍ന്നതോടെ മറ്റ് നിര്‍വാഹമില്ലാതെ നാട്ടുകാര്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പഞ്ചായത്തിനുമുന്നിലും വില്ലേജിനു മുന്നിലും കലക്ടറേറ്റിനു മുന്നിലും നിരാഹാര സമരമടക്കം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം അളന്ന് പ്രശ്‌നം പരിഹരിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. അതുവരെ യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തരുതെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനം മറികടന്ന് പള്ളി അധികൃതര്‍ ടൈല്‍ വിരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കുത്തിയിരിപ്പു സമരം നടത്തുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it