Flash News

തര്‍ക്കപ്രദേശത്ത് യുഎസ് യുദ്ധക്കപ്പല്‍ : ചൈന അപലപിച്ചു

വാഷിങ്ടണ്‍:  തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനീസ് കടലിലെ കൃത്രിമ ദ്വീപുകള്‍ക്കു സമീപത്തു കൂടെ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ കടന്നുപോയതിനെ ചൈന അപലപിച്ചു. സംഭവം ചൈനയുടെ പരമാധികാരത്തിനും സുരക്ഷാതാല്‍പര്യങ്ങള്‍ക്കും ഭീഷണിയുയര്‍ത്തിയതായും ദ്വീപിലെ ജീവനക്കാരുടെയും സംവിധാനങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കിയതായും ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. യു.എസ് നടപടി പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭംഗം വരുത്തിയതായും മന്ത്രാലയം കുറ്റപ്പെടുത്തി.
തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനീസ് കടലിലെ കൃത്രിമ ദ്വീപുകള്‍ക്കു സമീപത്തു കൂടെ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ കടന്നുപോയതായി കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധകേന്ദ്രങ്ങള്‍ സമ്മതിച്ചിരുന്നു. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ കപ്പലായ യുഎസ് ലാസണാണ് തര്‍ക്കപ്രദേശത്തുകൂടി കടന്നുപോയത്.
ദ്വീപിന്റെ 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെയാണ് തങ്ങളുടെ കപ്പല്‍ സഞ്ചരിച്ചതെന്നാണ് അമേരിക്കയുടെ അവകാശവാദം. പ്രശ്‌നങ്ങളൊന്നും കൂടാതെ ദൗത്യം പൂര്‍ത്തിയാക്കിയതായാണ് യുഎസ് പ്രതിരോധവിഭാഗം അറിയിച്ചത്. ദ്വീപില്‍ പട്ടാളത്തെ നിയോഗിക്കില്ലെന്ന സി ജിന്‍പിങിന്റെ ഉറപ്പ് ലംഘിച്ചോ എന്നു പരിശോധിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, കപ്പല്‍ തങ്ങളുടെ പരിധിയിലൂടെ സഞ്ചരിച്ച കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നു കഴിഞ്ഞദിവസം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പ്രതികരിച്ചിരുന്നു. യുഎസ് അവകാശവാദം ശരിയാണെങ്കില്‍ അതു പ്രകോപനപരമാണ്. ഇനി ആവര്‍ത്തിക്കുന്നതിനു മുമ്പായി ശരിയായ ആലോചനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ദക്ഷിണ ചൈനാ കടലിലെയും പൂര്‍വ ചൈനാ കടലിലെയും ബഹുഭൂരിപക്ഷം ഭാഗവും തങ്ങളുടെതാണെന്നാണ് ചൈനയുടെ അവകാശവാദം. ഈ പ്രദേശത്തെ പവിഴപ്പുറ്റുകള്‍ അടങ്ങിയ മണല്‍ത്തിട്ടുകള്‍ ഡ്രഡ്ജിങ് നടത്തി ദ്വീപുകളാക്കി മാറ്റി ചൈന സ്വന്തമാക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വാഭാവിക ദ്വീപുകളുടെ തീരത്തുനിന്നും 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശം അതത് രാജ്യത്തിനു സ്വന്തമാണ്. എന്നാല്‍, മുങ്ങിക്കിടക്കുന്ന ദ്വീപുകള്‍ക്ക് ഈ നിയമം ബാധകമല്ല. ഇതൊഴിവാക്കാനാണ് മണ്ണിട്ടുനികത്തി മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റിയിട്ടുള്ളത്. ദ്വീപിന്റെ ആകാശപരിധിയും ജലപരിധിയും ലംഘിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈന കഴിഞ്ഞ മാസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ദക്ഷിണ ചൈനാ സമുദ്രത്തില്‍ ഫിലിപ്പീന്‍സിനോടു ചേര്‍ന്നുള്ള പ്രദേശത്താണ് ചൈന കൃത്രിമമായി ദ്വീപ് നിര്‍മിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it