തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഘടകക്ഷികളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഡിസംബര്‍ ഏഴ്, എട്ട് തിയ്യതികളിലായിരിക്കും ചര്‍ച്ചയെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആശങ്കയ്ക്ക് വകയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പറ്റിയ പാളിച്ചകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി അടുത്തമാസം 15ന് വൈകീട്ട് നാലിന് യുഡിഎഫ് യോഗം ചേരും.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ്സിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ്സിലെ അനൈക്യം പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടി.
മാനദണ്ഡങ്ങളും മറ്റും നിശ്ചയിച്ചിട്ട് പ്രാദേശിക തലത്തില്‍ കാലുവാരി. യുഡിഎഫിന്റെ ഒത്തൊരുമയില്ലായ്മയാണ് പരാജയത്തിന്റെ പ്രധാന കാരണം. പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാനാവില്ലെന്നും ഘടകകക്ഷികള്‍ പറഞ്ഞതോടെ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ ധാരണയായി.
കെ എം മാണിക്കെതിരേ നടത്തിയ നീക്കം സൃഷ്ടിച്ച മുറിവ് ഉണങ്ങില്ലെന്ന് കേരള കോണ്‍ഗ്രസ്സും(എം) മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പില്‍ ബോധപൂര്‍വം തോല്‍പ്പിച്ചെന്ന് ജെഡിയു നേതാക്കള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി മല്‍സരിച്ച സ്ഥലങ്ങളില്‍ വിമതശല്യം രൂക്ഷമായിരുന്നു. പാര്‍ട്ടിക്ക് പോറലേറ്റെന്നും ജെഡിയു നേതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസ്സിന് പാളിച്ചകള്‍ പറ്റിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭരണത്തുടര്‍ച്ചയില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
അതേസമയം, മലപ്പുറത്ത് കോണ്‍ഗ്രസ്-സിപിഎം സഖ്യം ശരിയായില്ലെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്, സിപിഎം, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എല്ലാവരും ഒന്നിച്ചുനിന്നു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് പ്രതികരണങ്ങളില്‍ കേരളാ കോണ്‍ഗ്രസ്(എം) നേതാക്കള്‍ അതൃപ്തി അറിയിച്ചു.
നേതാക്കള്‍ കോടതിവിധി പരിശോധിക്കാതെ പ്രതികരിച്ചെന്ന് ജോയ് എബ്രഹാം കുറ്റപ്പെടുത്തി. രണ്ടരയ്ക്ക് വിധി വന്ന് പത്തുമിനിറ്റിനകം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചുവെന്നും ജോയ് എബ്രഹാം ചൂണ്ടിക്കാട്ടി.
എസ്എന്‍ഡിപി യോഗത്തിന് ഏറ്റവും കൂടുതല്‍ സഹായം ചെയ്തത് ഈ സര്‍ക്കാരാണെന്ന് അവരുടെ ലീഗല്‍ അഡൈ്വസര്‍ കൂടിയായ എ എന്‍ രാജന്‍ ബാബു ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തണമെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പാര്‍ട്ടികളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഡിസംബറോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.
ബിജെപിയുടെ പ്രചാരണം ശക്തിപ്പെട്ടതോടെ തിരിച്ചടിയുണ്ടായത് യുഡിഎഫിനാണെന്ന് സി പി ജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it