malappuram local

തര്‍ക്കം : റമദാനിലും തുറക്കാനാവാതെ കൊണ്ടോട്ടിയില്‍ മൂന്നു പള്ളികള്‍



മലപ്പുറം: തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയിട്ട കൊണ്ടോട്ടി മേഖലയിലെ മൂന്നു പള്ളികളില്‍ വിശുദ്ധ റമദാനിലും വിശ്വാസികള്‍ക്ക് ആരാധന നടത്താന്‍ സാധിക്കില്ല. കക്കോവ് ജുമാമസ്ജിദ്, കരിപ്പൂര്‍ പള്ളി, ചാമപ്പറമ്പ് ജുമാമസ്ജിദ് എന്നിവയാണ് വര്‍ഷങ്ങളായി കേസില്‍പെട്ട് പൂട്ടിക്കിടക്കുന്നത്. നൂറ്റാണ്ടുകള്‍ക്കപ്പുറം നാട്ടുകാര്‍ സ്ഥലവും പണവും നല്‍കി നിര്‍മിച്ചവയാണ് ഈ പള്ളികള്‍. പിന്നീട് സംഘടനകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതോടെയാണ് നിയമ നടപടികളില്‍പെട്ട് പള്ളികള്‍ക്ക് പൂട്ടുവീണത്. രണ്ടര വര്‍ഷം മുമ്പ് കക്കോവ് ജുമാമസ്ജിദ് ഇരു വിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. 1989 മുതല്‍ ഈ പള്ളിയുടെ അവകാശത്തിന്റെ പേരില്‍ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, മൂന്നുവര്‍ഷം വീതം ഓരോ വിഭാഗത്തിനും എന്ന നിലയില്‍ പള്ളിപൂട്ടാതെ ആരാധനകള്‍ നടന്നുവന്നു. ഇതിനിടയിലാണ് ഒരു വിഭാഗം രഹസ്യമായി പള്ളി സ്വന്തമായി രജിസ്റ്റര്‍ ചെയ്തത്. അത് നാട്ടിലറിഞ്ഞതോടെ രൂക്ഷമായ വാഗ്വാദങ്ങളായി. ഒടുവില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോലിസ് പള്ളി അടച്ചു പൂട്ടുകയായിരുന്നു. ഇപ്പോള്‍ മയ്യിത്ത് നമസ്‌കാരത്തിനു വേണ്ടി മാത്രമാണ് ഈ പള്ളി തുറക്കുന്നത്. കേസ് അവസാനിപ്പിച്ച് പള്ളി തുറക്കണമെന്ന ശക്തമായ ആവശ്യമാണ് കക്കോവ് നിവാസികള്‍ പങ്കുവയ്ക്കുന്നത്. കരിപ്പൂരിലെ പള്ളി പൂട്ടാനുണ്ടായ കാരണങ്ങളും സമാനമാണ്. മൂന്ന് വര്‍ഷം മുമ്പ് പെരുന്നാള്‍ നമസ്‌കാരമാണ് ഇവിടെ അവസാനമായി നടന്നത്. ആദ്യം തിരൂര്‍ ആര്‍ഡിഒ കോടതിയിലായിരുന്നു കേസ്. ഇപ്പോള്‍ മറ്റൊരു കോടതിയില്‍ തീര്‍പ്പിനായി കാത്തുനില്‍ക്കുകയാണ്. മുസ്്‌ലിം വിഭാഗങ്ങള്‍ വിട്ടുവീഴ്ച ചെയ്ത് പൂട്ടിയ പള്ളി ആരാധനകള്‍ക്കായി തുറന്നുകിട്ടണമെന്നാണ് കരിപ്പൂരുകാരുടെ ആവശ്യം. സംഘടനകള്‍ ഇക്കാര്യം ചെവിക്കൊള്ളുന്നില്ലെന്ന പരാതിയും അവര്‍ക്കുണ്ട്. ചാമപ്പറമ്പ് ജുമാമസ്ജിദും അവകാശത്തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയത്. മുസ്്‌ലിം ഐക്യവേദി പള്ളിതുറക്കണമെന്ന ആവശ്യവുമായി പോലിസിനേയും മലപ്പുറം ജില്ലാ കലക്ടറേയും സമീപിച്ചിരുന്നു. എന്നാല്‍, സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ മണ്ഡലം നേതാവ് പള്ളി തുറന്നാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുവിഭാഗങ്ങളില്‍ നിന്നും ജനസമ്മതരായവരെ തിരഞ്ഞെടുത്ത് സംയുക്ത കമ്മിറ്റി ഉണ്ടാക്കി പള്ളി തുറപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് രാഷ്ട്രീയ ഇടപെടലിലൂടെ എല്ലാം തകിടം മറിഞ്ഞത്.
Next Story

RELATED STORIES

Share it